എട്ടു മാസമായി ശമ്പളമില്ല;പ്രശ്‌ന പരിഹാരത്തിന് മനസാക്ഷിയുള്ളവര്‍ ഇടപെടണം

Posted on: July 19, 2016 3:29 pm | Last updated: July 19, 2016 at 3:29 pm
SHARE

LABOURഅബുദാബി: എട്ട് മാസമായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് എത്രയും പെട്ടന്ന് നാടണയണമെന്ന് ആഗ്രഹം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഇന്ത്യന്‍ സംഘടനകള്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അബുദാബി റുവൈസില്‍ എട്ടു മാസമായി ശമ്പളം കിട്ടാതെ ദുരിത ജീവിതംപേറി കഴിയുന്ന 160ഓളം തൊഴിലാളികളാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് എത്രയും പെട്ടെന്ന് അധികാരികള്‍ ഇടപെടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്.

ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ള നാലു കമ്പനികളിലെ തൊഴിലാളികളാണ് ദുരിതത്തിലായത്. കാറ്ററിംഗ്, ഇലക്‌ട്രോ മെക്കാനിക്കല്‍ എന്നീ വിഭാഗത്തിലാണ് കമ്പനികള്‍. 45ഓളം ഇന്ത്യക്കാരില്‍ 20ഓളം പേര്‍ മലയാളികളാണ്. കാറ്ററിംഗ് കമ്പനിയില്‍ നിന്ന് ദിവസവും ഭക്ഷണം ലഭിക്കുന്നതിനാല്‍ പട്ടിണിയില്ലെന്നതു മാത്രമാണ് ആശ്വാസം. നാട്ടിലുള്ള ബന്ധുക്കളെ വിളിക്കാനോ അവര്‍ക്ക് പണം അയക്കാനോ നിവൃത്തിയില്ലാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ശമ്പളം കിട്ടാതെ ദുരിതക്കയത്തിലായത്.

ഇടപാടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കമ്പനി ഉടമ ജയിലിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തുടര്‍ന്ന് കമ്പനിയുടെ ഇടപാടുകളും തടസപ്പെടുത്തിയതിനാല്‍ താമസ കുടിയേറ്റ വകുപ്പിലും തൊഴില്‍ മന്ത്രാലയത്തിലും നടപടികള്‍ നടക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ക്ക് കമ്പനി അധികൃതര്‍ നല്‍കുന്ന മറുപടി. തൊഴിലാളികളില്‍ പലരുടെയും വിസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. വിസയും ഐഡി കാര്‍ഡും ലേബര്‍ കാര്‍ഡും ഇല്ലാത്ത നിരവധി പേരുണ്ട്.

ഇവര്‍ക്കു നാട്ടില്‍ പോകാനാകാത്ത അവസ്ഥയാണ്. പത്തനംതിട്ട അടൂര്‍ സ്വദേശി മനോജ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ജയരാമന്‍, കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി വരുണ്‍ദാസ്, കോഴിക്കോട് കൊയിലാണ്ടി സ്വദേശി പത്മനാഭന്‍, കൊല്ലം കുളപ്പാടം സ്വദേശി ഹാഷിം എന്നീ തൊഴിലാളികളുടെ നേതൃത്വത്തില്‍ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നുള്ള ദുരിതത്തെ സംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ജോലി ഇല്ലാതെ എട്ടു മാസമായി ദുരിതത്തില്‍ കഴിയുന്നവരെ നാട്ടില്‍ കയറ്റി അയക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് തൊഴിലാളികള്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.

റുവൈസില്‍ നിന്ന് അബുദാബിയില്‍ എത്തി തിരികെ പോകണമെങ്കില്‍ 70 ദിര്‍ഹം ബസ് ചാര്‍ജ് വേണം. തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസിലും ഇന്ത്യന്‍ എംബസിയിലും പരാതിയുമായി കയറി ഇറങ്ങാന്‍ സാമ്പത്തിക പരാധീനതമൂലം സാധിക്കുന്നില്ല. സന്നദ്ധ സംഘടനകളുടെ കനിവ് കൊണ്ടാണ് മുന്നോട്ടുപോകുന്നത് തങ്ങളുടെ കുടിശ്ശിക നല്‍കി നാട്ടിലേക്ക് പോകാനുള്ള സൗകര്യം ചെയ്ത് നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.