Connect with us

Kerala

എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. എംകെ ദാമോദരന്‍ നിയമോപദേഷ്ടാവ്  സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ദാമോദരന്‍ പദവി ഏറ്റെടുത്തിട്ടില്ലെന്നും നിയമന ഉത്തരവ് ഇതു വരെ കൈപറ്റിയിരുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എം.കെ. ദാമോദരന്റെ നിയമനം ചോദ്യം ചെയ്തു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹരജിയിലാണു സര്‍ക്കാര്‍ നിലപാടറിയിച്ചത്.

ദാമോദരനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല, ഇടതു സര്‍ക്കാരിലെ  ഘടകകക്ഷിയായ സി.പി.ഐയും ദാമോദരന്റെ നിയമനത്തെനെതിരെ രംഗത്ത് വന്നിരുന്നു.

ദാമോദരനെ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.  ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലാണ് ദാമോദരനെ നിയമിച്ചതെന്നാണ് ജൂണ്‍ 10ന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ എന്ന തസ്തികയിലാണ് ദാമോദരന്റെ നിയമനം.

വിവാദ ലോട്ടറി നടത്തിപ്പുകാരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും കശുവണ്ടി അഴിമതി കേസില്‍ ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന് വേണ്ടിയും ഹാജരായ എം.കെ.ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടിയും സര്‍ക്കാരിനെതിരെ ഹാജരായത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ എതിര്‍കക്ഷിയായുള്ള കേസുകളില്‍ സര്‍ക്കാരിനെതിരെ ദാമോദരന്‍ കോടതിയില്‍ ഹാജരാകുന്നതിനെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചിരുന്നു. പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന ഉപദേഷ്ടാവായതിനാല്‍ ദാമോദരന് കോടതിയില്‍ ഏത് കേസിലും ഹാജരാകുന്നതിന് തടസമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അതേ സമയം മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയോഗിക്കുന്നതില്‍ എന്താണ് തടസമെന്ന് ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കാതിരിക്കുന്നതു കൊണ്ടുമാത്രം ഹര്‍ജിയുടെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിഷയത്തില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും അറിയിച്ചു.

Latest