മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: July 19, 2016 10:35 am | Last updated: July 19, 2016 at 8:01 pm
SHARE

pinarayiതിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തീരുമാനങ്ങള്‍ ഉത്തരവായ ശേഷം മാത്രമെ അവ പുറത്തു വിടുകയുള്ളൂവെന്നും എന്നാല്‍ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തിലും പറയുന്നത് ഇപ്രകാരമാണ്. വിവരങ്ങള്‍ പുറത്തറിയിക്കില്ലെന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറങ്ങും. സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ അവ ലഭ്യമാകും. വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നും പിണറായി വിശദീകരിച്ചു.
മന്ത്രിസഭാ തീരുമാനം പുറത്ത് വിടില്ലെന്നത് വിവരാവകാശ നിയമത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ പറഞ്ഞു. ഭരണാധികാരി ആയപ്പോള്‍ പിണറായി വിജയന് രഹസ്യ അജണ്ടുകളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമാണെന്നു പ്രതിപക്ഷ എംഎല്‍എ വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കണമെന്ന കമ്മിഷന്‍ ഉത്തരവ് ചര്‍ച്ച ചെയ്യണമെന്നും സതീശന്‍ പറഞ്ഞു.