ഹജ്ജ് വിമാന സമയ പട്ടികയായി

Posted on: July 19, 2016 10:07 am | Last updated: July 19, 2016 at 10:07 am
SHARE

കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള വിമാന സമയ പട്ടിക പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 22ന് 300 ഹാജിമാരെയും വഹിച്ച് ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് ഉച്ചക്ക് ഒന്നിന് യാത്ര തിരിക്കും. തുടര്‍ന്ന് സെപ്തംബര്‍ അഞ്ച് വരെ ഹജ്ജ് യാത്ര നീണ്ടുനില്‍ക്കും.

ആഗസ്റ്റ് 23ന് ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന വിമാനത്തി ല്‍ 450 ഹാജിമാരും രാത്രി എട്ടിന് പുറപ്പെടുന്ന വിമാനത്തില്‍ 300 ഹാജിമാരും യാത്ര തിരിക്കും. തുടര്‍ന്ന് 31 വരെ ദിനേന 450 ഹാജി മാര്‍ക്ക് യാത്ര ചെയ്യാവുന്ന രണ്ട് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ഒരു വിമാനം മാത്രമായിരിക്കും സര്‍വീസ് നടത്തുക എങ്കിലും ഓരോ വിമാനത്തിലു450 ഹാജിമാര്‍ യാത്ര തിരിക്കും.
ആഗസ്റ്റ് 23, 26, 27, 31 തീയതികളിലെ ആദ്യ വിമാനം ഉച്ചക്ക് ഒന്നിനും രണ്ടാമത്തെ വിമാനം രാത്രി എട്ടിനുമായിരിക്കും പറക്കുക. ആഗസ്റ്റ് 24, 25, 28, 29, 30 തീയതികളിലെ ആദ്യ വിമാനം ഉച്ചക്ക് ഒന്നിനും രണ്ടാമത്തെ വിമാനം വൈകീട്ട് 5.30 നും യാത്ര തിരിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വിമാനങ്ങള്‍ വൈകിട്ട് 5.30 നായിരിക്കും പുറപ്പെടുക. സഊദി എയര്‍ലൈന്‍സ് വിമാനമാണ് ഹജ്ജ് യാത്രാ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. നെടുമ്പാശ്ശേരിയില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കായതിനാല്‍ ഇഹ്‌റം വേഷത്തിലായിരിക്കും ഹാജിമാര്‍ യാത പുറപ്പെടുക.
21ന് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 22ന് ആദ്യ വിമാനം ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. മദീനയില്‍ നിന്നായിരിക്കും ഹാജിമാരുടെ മടക്ക യാത്ര. സെപ്തംബര്‍ 29ന് 450 ഹാജിമാരടങ്ങിയ ആദ്യ സംഘം രാത്രി 9.15 ന് നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തും. ആഗസ്റ്റ് 23ന് ആദ്യ വിമാനത്തില്‍ യാത്ര പുറപ്പെട്ടവരാണ് ആദ്യമായി മടങ്ങിയെത്തുന്നത്. ഒക്‌ടോബര്‍ 14 വരെ മടക്കയാത്ര നീണ്ടുനില്‍ക്കും.
ഓരോ ഹാജിയും പുറപ്പെടേണ്ട ദിവസവും വിമാന സമയവും ഫ്‌ളൈറ്റ് നമ്പറും ആഗസ്റ്റ് ആദ്യവാരത്തിലായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കുക.