ചട്ടമ്പിസ്വാമി, അയ്യങ്കാളി ജയന്തികള്‍ ആഘോഷിക്കാനും സി പി എം ഒരുക്കം

Posted on: July 19, 2016 10:02 am | Last updated: July 19, 2016 at 10:02 am
SHARE

കണ്ണൂര്‍: ശ്രീനാരായണ ജയന്തി ആഘോഷത്തിനു പിന്നാലെ നവോത്ഥാന നായകരായ അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമിയുടെയും ജന്മദിനം ആഘോഷിക്കാന്‍ കണ്ണൂരില്‍ സി പി എം ഒരുങ്ങുന്നു. ശ്രീനാരായണഗുരു നടത്തിയ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെ കൂടി പശ്ചാതലത്തിലാണ് ‘നമ്മളൊന്ന് ‘എന്ന പേരില്‍ അടുത്ത മാസം 24ന് ചട്ടമ്പിസ്വാമി ജയന്തി ദിനം മുതല്‍ 28ന് അയ്യങ്കാളി ദിനം വരെ വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടിയായി ആഘോഷിക്കാന്‍ സി പി എം നേതൃത്വം ലക്ഷ്യമിടുന്നത്. പരിപാടിയുടെ സന്ദേശമെത്തിക്കാന്‍ കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19 മുതല്‍ വിപുലമായ പ്രചാരണ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 206 കേന്ദ്രങ്ങളിലാണ് ആഘോഷപരിപാടി നടത്തുക. ഘോഷയാത്രക്ക് പുറമെ പ്രഭാഷണ പരമ്പരയുമുണ്ടാകും. മതനിരപേക്ഷ വാദികളായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെടാത്തവരെയും പരിപാടിയില്‍ കാര്യമായി പങ്കെടുപ്പിക്കാനും തീരുാനിച്ചിട്ടുണ്ട്.

മതപരമായ ആഘോഷങ്ങളുടെ മറവില്‍ ആര്‍ എസ് എസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രംഗത്തേക്കുള്ള സി പി എം ഇടപെടല്‍. നേരത്തെ ബി ജെ പി വിട്ടുവന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗണേശോല്‍സവവും പോഷകസംഘടനകളുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തിയും കണ്ണൂരില്‍ ആഘോഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ മതേതര ഘോഷയാത്രകളും ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു.