വയനാട്ടിലെ മഹല്ലുകളിലും ചേളാരി വിഭാഗത്തിന്റെ അഴിഞ്ഞാട്ടം

Posted on: July 19, 2016 10:00 am | Last updated: July 19, 2016 at 10:00 am
SHARE

കല്‍പ്പറ്റ: സുന്നികള്‍ സഹകരിച്ച് സമാധാനത്തോടെ നടത്തി വരുന്ന വയനാട്ടിലെ മഹല്ലുകളില്‍ ചേളാരി വിഭാഗത്തിന്റെ തേര്‍വാഴ്ച . വര്‍ഷങ്ങളോളം ഇരുവിഭാഗം സുന്നികളും സഹകരിച്ച് വരുന്ന തരുവണ കുന്നുമ്മലങ്ങാടിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയ സുന്നി പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഞ്ച് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.

കുന്നുമ്മലങ്ങാടി മഹല്ലില്‍ നിയമാനുസൃതം ജനറല്‍ ബോഡിയോ ഭരണ സമിതിയോ ചേരാതെ ഏകപക്ഷീയമായ തട്ടിക്കൂട്ടിയ ഭരണസമിതി രഹസ്യമായി ചേളാരി വിഭാഗം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവരാവകാശ നിയമ പ്രകാരം സുന്നികള്‍ രേഖകള്‍ പുറത്തുകൊണ്ടു വന്നു. ഇതില്‍ പ്രകോപിതരായ ചേളാരി വിഭാഗം രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ വഖ്ഫ് ട്രൈബ്യൂണലിനെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ച് പ്രശ്‌നം രൂക്ഷമാക്കുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച ചേളാരി വിഭാഗത്തിന്റെ പിടിവാശിമൂലം അലസിപ്പിരിയുകയായിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്കെത്തിയ സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായി അക്രമം അഴിച്ചു വിട്ടത്. തര്‍ക്കത്തെ തുടര്‍ന്ന് മദ്‌റസയില്‍ പഠനം നിലച്ചിരിക്കുകയാണ്. ഈ മാസം 21ന് ജനപ്രതിനിധികളുടെയും നിയമപാലകരുടെയും നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
കുന്നുമ്മലങ്ങാടി മഹല്ലിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പഠിക്കാന്‍ താത്പര്യമുള്ളവരായിട്ടും ചേളാരി ബോഡിന്റെ സിലബസാണ് പഠിച്ചു കൊണ്ടിരുന്നത്. സുന്നീ വിഭാഗം പ്രശ്‌നങ്ങളുണ്ടാക്കാതെ മഹല്ലില്‍ സഹകരിച്ചു പോരുകയായിരുന്നു. വിഭാഗീയ ചിന്താഗതി പഠിപ്പിക്കാനുള്ള ചേളാരി ബോര്‍ഡിന്റെ നീക്കത്തിനെതിരെ ജില്ലയിലെ മറ്റു മഹല്ലുകളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. കുന്നുമ്മലങ്ങാടിയുള്‍പ്പെടെയുള്ള മഹല്ലുകളില്‍ ചേളാരി വിഭാഗം നടത്തുന്ന അക്രങ്ങള്‍ തടയാനും സമാധാനം നിലനിര്‍ത്താനും ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളായ എം അബ്ദുര്‍റഹ്്്മാന്‍ മുസ്്‌ലിയാര്‍,നീലിക്കണ്ടി പക്കര്‍ ഹാജി, അമ്പിളി ഹസന്‍ ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയില്‍ നിന്ന് ലീഗ് നേതൃത്വം പിന്മാറണം. ചേളാരി വിഭാഗത്തിന് സ്വാധീനമുള്ള മഹല്ലുകളില്‍ സുന്നികള്‍ക്ക് നീതി നിഷേധിക്കുകയാണ്. ഇതിനെതിരെ മന:സാക്ഷിയുണരമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ നേതാക്കളായ കെ കെ മുഹമ്മദലി ഫൈസി,ചെറുവേരി മുഹമ്മദ് സഖാഫി,കെ എസ് മുഹമ്മദ് സഖാഫി, പി ബീരാന്‍കുട്ടി, പി ഉസ്മാന്‍ മൗലവി, ശമീര്‍ ബാഖവി എന്നിവരും പങ്കെടുത്തു.