ഹൈക്കോടതിയിലെ പ്ലീഡര്‍ യുവതിയെ കയറിപ്പിടിച്ച സംഭവം: രഹസ്യ മൊഴിയെടുത്തു

Posted on: July 19, 2016 9:52 am | Last updated: July 19, 2016 at 9:52 am
SHARE

കൊച്ചി: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ യുവതിയെ കയറിപ്പിടിച്ച സംഭവത്തില്‍ കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തോപ്പുംപടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തന്നെ കയറിപ്പിടിച്ചത് പോലീസ് കസ്റ്റഡിയിലെടുത്ത പ്ലീഡര്‍ തന്നെയാണെന്നാണ് യുവതി നല്‍കിയിട്ടുള്ള മൊഴി. അതേസമയം അഡ്വ. ധനേഷ് മാഞ്ഞൂരാനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് അഭിഭാഷക സംഘടന ഇന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്.

ഇതോടെ പ്രശ്‌നത്തില്‍ പോലീസും അഭിഭാഷക സമൂഹവും രണ്ട് ചേരികളിലായി. കഴിഞ്ഞ 14നാണ് എറണാകുളം കോണ്‍വെന്റ് ജംഗ്ഷനടുത്തുള്ള ഉണ്ണിയാട്ടില്‍ ലെയ്‌നില്‍ വെച്ച് കേസിനാസ്പദമായ സംഭവം. സാറ്റിന്‍ ഡിസൈന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ വൈപ്പിന്‍ സ്വദേശിനി ജോലി കഴിഞ്ഞ് രാത്രി 7.10ന് റോഡിലൂടെ നടന്നു പോകുമ്പോള്‍ ഇയാള്‍ കയറിപ്പിടിച്ചുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ധനേഷിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ധനേഷ് മാഞ്ഞൂരാന്‍ ആളു മാറിപ്പോയതാണെന്ന് യുവതി സമ്മതിച്ചെന്നും പോലീസ് തന്നോട് പൂര്‍വവൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.