അധ്യാപകര്‍ വടിയെടുക്കുന്നത് കുറ്റകരമാകുന്നതെങ്ങനെ?

ക്ലാസ് മുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തെറ്റുകള്‍ തിരുത്താനോ കുറ്റപ്പെടുത്താനോ നടത്തുന്ന ശ്രമങ്ങള്‍ ശാരീരിക ശിക്ഷയുടെയോ മാനസിക പീഡനത്തിന്റെയോ പരിധിയില്‍ നിഷ്പ്രയാസം ഉള്‍പ്പെടുത്താന്‍ കഴിയും. അധ്യാപകന്റെ ശകാരം ഒരു മാനസിക വ്യഥയുണ്ടാക്കാന്‍ പോന്നതാണെങ്കില്‍, കുട്ടി അങ്ങനെ പരാതിപ്പെടുകയാണെങ്കില്‍, പുതിയ നിയമപ്രകാരം അധ്യാപകന്‍ ശിക്ഷിക്കപ്പെടും. ജയില്‍വാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ സൃഷ്ടിക്കാനിടയുള്ള ചിന്താക്കുഴപ്പങ്ങളും പ്രത്യാഘാതങ്ങളും എന്തെന്ന് പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. ക്ലാസ് മുറിയില്‍ അച്ചടക്കം പരിപാലിക്കാന്‍ ഉത്തരവാദപ്പെട്ട അധ്യാപകന്‍ ബന്ധനസ്ഥനാക്കപ്പെടുന്ന സാഹചര്യമാണ് യഥാര്‍ഥത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.
Posted on: July 19, 2016 6:31 am | Last updated: July 18, 2016 at 9:43 pm
SHARE

അധ്യാപനം ക്ലാസ് മുറിയിലെ ഒരു ബൗദ്ധിക കലയാണ്. ജന്മസിദ്ധമായ വാസനകളും കര്‍മസിദ്ധമായ അറിവുകളും സമഞ്ജസം സമ്മേളിക്കുമ്പോഴാണ് ക്ലാസ് മുറിയിലെ ആ കല വിജയഗാഥ രചിക്കുന്നത്. കുട്ടിയുടെ മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ മാതൃകാ വിദ്യകള്‍ ധാരാളം കലാപരമായി പ്രയോഗിക്കുന്ന അധ്യാപകനാണ് യഥാര്‍ഥ വിജയി. എന്നാല്‍, ചില ഘട്ടങ്ങളില്‍ അധ്യാപകന്‍ കര്‍ക്കശ്ശകാരനും വടിയെടുക്കുന്നവനുമായി മാറിയാല്‍ ക്ലാസുമുറിയുടെ അച്ചടക്കത്തിന് അത് അനുപേക്ഷണീയമല്ലെന്ന് വാദിക്കാനാകുമോ? വടിയെടുക്കുന്ന അധ്യാപകനെ ശിക്ഷിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 29.06.2016ലെ സര്‍ക്കുലര്‍ എത്രത്തോളം ക്ലാസ് മുറിയോട് നീതി പുലര്‍ത്തുന്നുണ്ട്?

2011-ലെ ബാലനീതി നിയമം 82-ാം വകുപ്പുപ്രകാരവും, 2009-ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ അവകാശനിയമം 17-ാം വകുപ്പുപ്രകാരവും കുട്ടികളെ ശിക്ഷിക്കുന്നത് അച്ചടക്ക ലംഘനവും സര്‍വീസ് ചട്ടപ്രകാരമുള്ള നടപടികള്‍ക്കു കാരണവുമായിരിക്കും എന്നാണ് സര്‍ക്കുലര്‍ പറയുന്നത്. അതോടൊപ്പം, 2012ലെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആക്ട് കൂടി അടിസ്ഥാനമാക്കിയിട്ടുമുണ്ട്.
ശാരീരികമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ (അധ്യാപകര്‍ക്കെതിരെ)

നടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്. 2015-ലെ ബാലനീതി നിയമപ്രകാരം സ്‌കൂളുകളില്‍ കുട്ടികളെ അച്ചടക്കത്തിന്റെ പേരില്‍ ശിക്ഷിച്ചാല്‍ പതിനായിരം രൂപ വരെ പിഴയീടാക്കാം. ആ തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്കു മൂന്നു മാസത്തെ തടവും പിഴയും നല്‍കാനും വ്യവസ്ഥയുണ്ട്. ആ നിയമങ്ങളൊക്കെ കേരളത്തിലെ സ്‌കൂളുകളില്‍ കര്‍ശനമായി നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ബാലാവകാശ നിയമവും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമവും സ്‌കൂളിനകത്തായാലും പുറത്തായാലും കര്‍ശനമായി നടപ്പാക്കണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പ്രത്യേകിച്ചും ഈ കാലത്ത് കുറ്റകരമായ സംഭവങ്ങള്‍ അനേകം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍. എന്നാല്‍, അതിനര്‍ഥം പവിത്രമായ ഗുരുശിഷ്യ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുമുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ ശകാരിച്ചാല്‍, വടിയെടുത്താല്‍, ഒരടി കൊടുത്താല്‍ അതെല്ലാം ശാരീരിക-മാനസിക പീഡനത്തിന്റെ മുറയില്‍ ഉള്‍പ്പെടുകയും അധ്യാപകന്‍ ജയിലിലാകുകയും ചെയ്യും എന്നതാണ് വ്യവസ്ഥയെങ്കില്‍, ആ വ്യവസ്ഥകള്‍ നടപ്പാക്കാനാരംഭിച്ചാല്‍ വിദ്യാലയാന്തരീക്ഷത്തെ അതെങ്ങനെയൊക്കെ ബാധിക്കുമെന്ന് പരിശോധിക്കണം.
‘ശാരീരിക ശിക്ഷ’യുടെ സ്വഭാവത്തെ സംബന്ധിച്ച് സര്‍ക്കുലറില്‍ വിശദമാക്കിയിട്ടില്ല.

സൂചിതമായ നിയമങ്ങളില്‍ കുറ്റകൃത്യത്തിന്റെ പൊതുസ്വഭാവത്തെക്കുറിച്ചു പറയുന്നുണ്ട്. എന്നാല്‍, ക്ലാസുമുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തെറ്റുകള്‍ തിരുത്താനോ കുറ്റപ്പെടുത്താനോ നടത്തുന്ന ശ്രമങ്ങള്‍ ശാരീരിക ശിക്ഷയുടെയോ മാനസ്സിക പീഡനത്തിന്റെയോ പരിധിയില്‍ നിഷ്പ്രയാസം ഉള്‍പ്പെടുത്താന്‍ കഴിയും. അധ്യാപകന്റെ ശകാരം ഒരു മാനസിക വ്യഥയുണ്ടാക്കാന്‍ പോന്നതാണെങ്കില്‍, കുട്ടി അങ്ങനെ പരാതിപ്പെടുകയാണെങ്കില്‍, പുതിയ നിയമപ്രകാരം അധ്യാപകന്‍ ശിക്ഷിക്കപ്പെടും. ജയില്‍വാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

ആയതിനാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം 29.06.2016-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ സൃഷ്ടിക്കാനിടയുള്ള ചിന്താക്കുഴപ്പങ്ങളും പ്രത്യാഘാതങ്ങളും എന്തെന്ന് പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പു തയ്യാറാകണം. ക്ലാസ് മുറിയില്‍ അച്ചടക്കം പരിപാലിക്കാന്‍ ഉത്തരവാദപ്പെട്ട അധ്യാപകന്‍ ബന്ധനസ്ഥനാക്കപ്പെടുന്ന സാഹചര്യമാണ് യഥാര്‍ഥത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. കുട്ടിയെ നിയന്ത്രിക്കാനോ തെറ്റുതിരുത്തുവാനോ അച്ചടക്കം പരിശീലിപ്പിക്കാനോ അധ്യാപകര്‍ക്കു കഴിയാത്ത സാഹചര്യം ഇതുണ്ടാക്കുമെന്ന കാര്യം ഗൗരവത്തില്‍ കാണണം.

ജീവിതത്തെ എല്ലാ അര്‍ഥത്തിലും കൂടുതല്‍ സമ്പന്നമാക്കുന്നതാണ് ഔപചാരിക വിദ്യാഭ്യാസം. ആ ശിക്ഷണം ഗുരുസ്ഥാനത്ത് നിന്നാണ് ശിഷ്യര്‍ നേടിയെടുക്കുന്നത്. ഗുരുവിനോട് ഭയത്തെക്കാള്‍ ബഹുമാനവും ആദരവും കുട്ടികള്‍ക്കുണ്ടാകണം. ഭയഭക്തി ബഹുമാനങ്ങള്‍ എന്ന് പറയാറുണ്ട്. വചനശിക്ഷണവും പാരായണ പരിശീലനവുമെല്ലാം ഗുരുമുഖത്ത് നിന്ന് അഭ്യസിക്കാന്‍ ഗുരുസ്ഥാനം വിദ്യാഭ്യാസ കര്‍മത്തില്‍ വളരെ പ്രധാനമാണ്. ഗുരുവിന്റെ ആജ്ഞകള്‍ അനുസരിയ്ക്കാന്‍ ശിഷ്യര്‍ തയ്യാറാകണം. എന്നാല്‍, അറിവിന്റെ ആജ്ഞകള്‍ ഇവിടെ നിരാകരിക്കപ്പെടുകയാണ്. അധ്യാപകന്‍ കേവലം സഹായി മാത്രമായി മാറിയാല്‍ മതിയെന്ന പാഠ്യപദ്ധതിയുടെ വികല സമീപനങ്ങള്‍ വന്ന് വന്ന് അധ്യാപകനെ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്തു ശിക്ഷിക്കാമെന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

അധ്യാപകന്റെ ‘അപ്രമാദിത്വം’ ക്ലാസുമുറിയില്‍ കുട്ടി ചോദ്യം ചെയ്യണമെന്ന മുറവിളി ഡി പി ഇ പി, എസ് എസ് എ പരിഷ്‌ക്കാരങ്ങള്‍ വന്നതു മുതല്‍ കേട്ടു തുടങ്ങിയതാണ്. ഗുരുസ്ഥാനത്തെ അവര്‍ അപ്രമാദിത്വമെന്ന് ആക്ഷേപിച്ച് തുടങ്ങിയത് അധ്യാപനത്തെയും അധ്യാപകരെയും ക്രമേണ ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി വരുന്നു.

എന്തായാലും, പൊതു സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമത്തെ ക്ലാസുമുറിയിലെ അധ്യാപനവുമായി ബന്ധിപ്പിക്കുന്ന ദുരുപദിഷ്ടമായ നിര്‍ദേശങ്ങളായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കുറിപ്പടികള്‍ മാറരുത്. രണ്ടും രണ്ടായി കാണുന്നതാണ് അഭികാമ്യം. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതും ലൈംഗികാതിക്രമങ്ങള്‍ തടയുന്നതും – അതെവിടെയായാലും – സ്‌കൂളിലായാലും വീടുകളിലായാലും ഒരു വിട്ടുവീഴ്ചയും കൂടാതെ നടപ്പാക്കപ്പെടണം. ക്ലാസ് മുറിയിലെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി നല്‍കുന്ന ശിക്ഷകള്‍ – അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് നല്‍കുന്ന ശിക്ഷകള്‍ – അതിനെ കുറ്റകൃത്യമായി വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല. ആദര്‍ശ അധ്യാപകന്റെ പെരുമാറ്റ സംഹിതയെന്ന നിലയില്‍ വടിയെടുക്കാത്ത അധ്യാപകരെ നമുക്ക് വാഴ്ത്താം.

വടിയില്ലാതെ പഠിപ്പിക്കാന്‍ കഴിയുന്ന അധ്യാപകര്‍ നമുക്കിപ്പോഴുമുണ്ട്. പക്ഷേ, വടിയെടുക്കുന്ന അധ്യാപകര്‍ കുറ്റക്കാരാണ് എന്ന് ചിത്രീകരിയ്ക്കപ്പെടുന്നത് നിഗൂഢമായ അജന്‍ഡകളോടെയാണെന്ന് പറയാതെ വയ്യ.
അമിതമായി ശാരീരിക ശിക്ഷ നല്‍കുന്ന അധ്യാപകര്‍ക്കു താക്കീത് നല്‍കാം. അത് തെറ്റാണ്. എന്നാല്‍ കുറ്റമല്ല. തെറ്റും കുറ്റവും തമ്മില്‍ വലിയ അന്തരമുണ്ട്. അത് വേര്‍ തിരിച്ചറിയാന്‍ വിവേകമുള്ള ഒരു സമൂഹത്തിന് കഴിയണം. പ്രബുദ്ധമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള നമ്മുടെ നാട്ടില്‍ അതിനുള്ള അറിവും വിവേകവും കാട്ടാന്‍ വിദ്യാഭ്യാസ വകുപ്പും മുന്‍വിധികളില്ലാതെ തയ്യാറാകേണ്ടതുണ്ട്.