Connect with us

Editorial

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍

Published

|

Last Updated

അടുത്ത ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലില്‍, കേന്ദ്ര-സംസ്ഥാനങ്ങള്‍ക്കിടയില്‍ സൗഹൃദബന്ധം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത പ്രധാനമന്ത്രി ഊന്നിപ്പറയുകയുണ്ടായി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നാടിന് വികസനവും കൈവരണമെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യോജിപ്പോടെയും കൂട്ടായും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവിച്ചു. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഇത് അനിവാര്യമാണ്. എന്നാല്‍ ഇതിന് അനുസൃതമായ ഒരു സമീപനമല്ല കേന്ദ്രത്തില്‍ നിന്ന് പലപ്പോഴും ഉണ്ടാകുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതുള്‍പ്പെടെ ഏകാധിപത്യപരവും സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമായ സമീപനങ്ങളാണ്.

കേന്ദ്ര – സംസ്ഥാന ബന്ധത്തില്‍ പെരുമാറ്റ ച്ചട്ടം ആവിഷ്‌കരിക്കാനായി 1983ല്‍ നിയമിച്ച സര്‍ക്കാരിയാ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മികച്ച കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു അടിക്കടി ഓര്‍മിപ്പിക്കുന്ന മോദിയും കേന്ദ്ര സര്‍ക്കാറും റിപ്പോര്‍ട്ടിലെ എത്ര നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന 356-ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് കമ്മീഷന്റെ ഒരു നിര്‍ദേശം. അതാത് സംസ്ഥാന മുഖ്യമന്ത്രിമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരില്‍ ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്നാണ് മറ്റൊന്ന്. എന്നാല്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി “നിര്‍ബന്ധിത പെന്‍ഷന്‍” നല്‍കിയവരെയും തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വഴങ്ങാന്‍ സന്നദ്ധതയുള്ളവരെയും ഗവര്‍ണര്‍മാരാക്കി രാഷ്ട്രീയ പ്രതിയോഗികളുടെ നിയന്ത്രണത്തിലുള്ള സംസഥാന സര്‍ക്കാറുകളെ അട്ടിമറിക്കുന്നു.

നിയമ സഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പ് നിശ്ചിത ദിവസത്തിനകം ലഭ്യമാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള ഉരസലിന്റെ അടിസ്ഥാന കാരണം ഇതാണല്ലോ.
വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ കേന്ദ്രം നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈയേറ്റമായി മാറുന്നുണ്ട്. കൃഷി സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ പെട്ട വിഷയമാണെന്നിരിക്കെ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൃഷിയുമായോ വിളകളുമായോ ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുകയും ഇത് സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ലോകവ്യാപാര സംഘടന, എ ഡി ബി, ഐ എം എഫ്, സാര്‍ക്ക് മുതലായവയുമായി കേന്ദ്രം ഒപ്പുവെച്ച കരാറുകളും അതിന്റെ ഭാഗമായി ഉണ്ടായ ബാധ്യതകളും പല സംസ്ഥാനങ്ങളിലെയും കര്‍ഷകരെ ദോഷകരമായി ബാധിക്കുകയുണ്ടായി. അടുത്തിടെയായി സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. നേരത്തെ 80-20 എന്ന ആനുപാതത്തിലായിരുന്നത് ഇപ്പോള്‍ 60-40 ആണ്.
രാഷ്ട്രീയ നിറം നോക്കാതെ സംസ്ഥാനങ്ങളോട് തുല്യസമീപനമാണ് ഫെഡറല്‍ വ്യവസ്ഥയില്‍ നിര്‍ദേശിക്കപ്പെട്ടതെങ്കിലും കേരളത്തോട് കേന്ദ്രത്തിന് എന്നും ചിറ്റമ്മ നയമാണ്. വിഴിഞ്ഞം പദ്ധതി, റയില്‍വേ വികസനം, മുല്ലപ്പെരിയാര്‍, ദുരിതാശ്വാസ സഹായങ്ങള്‍, അരി വിഹിതം, റോഡ് വികസനത്തിന്റെ മാനദണ്ഡങ്ങള്‍, കരിപ്പൂര്‍ വികസനം തുടങി നിരവധി പ്രശനങ്ങളില്‍ കടുത്ത അവഗണനയും വിവേചനവുമാണ് കേരളം നേരിടുന്നത്. കേരളം മൂന്ന് പതിറ്റാണ്ടായി കാത്തിരിക്കുന്ന പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം ഇന്നും പ്രാംരഭ ഘട്ടത്തിലാണ്.

സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഏല്‍പിച്ചതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാറില്ല. കേരള സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന ആവശ്യം മുഖവിലക്കെടുക്കുന്നില്ല. കേരളത്തിലെ കേന്ദ്രനിക്ഷേപവും കുറഞ്ഞുവരികയാണ്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേരള എം പിമാരുടെ യോഗം കേന്ദ്രത്തിന്റെ ഈ സമീപനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി.

മോദി സര്‍ക്കാര്‍ അധികാരത്തിലേറയിതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളല്ല ഇതൊന്നും. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രണ്ടാം യു പി എ സര്‍ക്കാറിന്റ കാലത്ത് കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് എട്ട് മന്ത്രിമാരുടെ റിക്കാര്‍ഡ് പ്രാതിനിധ്യം ഉണ്ടായിട്ടും ചിറ്റമ്മ നയത്തിന് മാറ്റമുണ്ടായിരുന്നില്ല. മൂന്ന് മാസം മുമ്പ് പശ്ചിമബംഗാളില്‍ ഒരു പരിപാടിയില്‍ മോദി പറഞ്ഞത് പോലെ, ഡല്‍ഹി മാത്രമല്ല ഇന്ത്യ. 30 സംസ്ഥനങ്ങളും കൂടിച്ചേരുമ്പോഴാണ് രാജ്യം പൂര്‍ണമാകുന്നത്. ദേശീയ-സംസ്ഥാ സര്‍ക്കാറുകള്‍ ടീംഇന്ത്യയെ പോലെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ രാജ്യം പുരോഗതി കൈവരിക്കൂ. രാജ്യത്തിന്റെ കെട്ടുറപ്പിനും അഖണ്ഡതക്കും മികച്ച കേന്ദ്ര-സംസ്ഥാന ബന്ധം അനിവാര്യമാണ്.

Latest