ഡി.വൈ.എസ്.പിയുടെ ആത്മഹത്യ ; കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ് രാജിവെച്ചു

Posted on: July 18, 2016 6:53 pm | Last updated: July 19, 2016 at 11:31 am
SHARE

K J GEORGEബംഗളൂരു: കര്‍ണാടക നഗര വികസനമന്ത്രി കെ.ജെ ജോര്‍ജ് രാജിവെച്ചു. ഡി.വൈ.എസ്.പി ഗണപതിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള ആരോപണത്തില്‍ മന്ത്രിക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജി. ഗണപതിയുടെ കുടുംബം നല്‍കിയ ഹരജിയിലാണ് അഡീഷനല്‍ മജിസ്‌ട്രേറ്റ് അന്നപൂര്‍ണേശ്വരി കേസെടുക്കാന്‍ ഉത്തരവിട്ടത്. മന്ത്രിക്കുപുറമേ മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. കോടതിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും കോടതിക്ക് മുന്‍പില്‍ നിരപരാധിത്വം തെളിയിക്കുമെന്നും കെജെ ജോര്‍ജ് പ്രതികരിച്ചു

.
ഈ മാസം ഏഴിനാണ് ഗണപതിയെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മന്ത്രി കെ.ജെ ജോര്‍ജിന്റെയും മകന്റെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും അനാവശ്യ ഇടപെടലുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയമായ സമര്‍ദ്ദമാണ് മരണത്തിന് പ്രേരണയായതെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

നേരത്തെ, കന്നട വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ അപമാനിച്ചതായും നിരവധി കേസുകളില്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഗണപതി ആരോപിച്ചിരുന്നു. മെയ് മാസത്തില്‍ ഗണപതിയെ മംഗളൂരു പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ കാര്യാലയത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.