ഖത്വറില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Posted on: July 18, 2016 6:35 pm | Last updated: July 21, 2016 at 7:55 pm
SHARE

FAMILY VISAദോഹ:ഖത്വറില്‍ തൊഴില്‍ വിസയുള്ള പ്രവാസികള്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് വിസയെടുക്കാന്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തി. ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്കാണ് ഫാമിലി വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന. ഫാമിലി വിസ ലഭിക്കാന്‍ ആവശ്യ ശമ്പളം പ്രതിമാസം പതിനായിരം റിയാലാണ്. ഫാമിലി വിസ നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഓര്‍മപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് പേജില്‍ അറിയിപ്പു പോസ്റ്റ് ചെയ്തത്.

പതിനായിരത്തില്‍ കുറയാത്ത സംഖ്യ പ്രതിമാസ ശമ്പളം അല്ലെങ്കില്‍ ഫാമിലിക്ക് താമസ സൗകര്യം കമ്പനി അനുവദിക്കുന്നുണ്ടെങ്കില്‍ ഏഴായിരം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ശമ്പളം കൈപ്പറ്റിയതു തെളിയിക്കുന്നതിന് ആറുമാസത്തെ ബേങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കണം. രാജ്യത്ത് കാലാവധിയുള്ള റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കു മാത്രമേ കുടുംബത്തിന് വിസ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട അതോറിറ്റികള്‍ സാക്ഷ്യപ്പെടുത്തിയ മാരേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഫാമിലി വിസക്ക് അപേക്ഷിക്കുന്നിര്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനം കുടുംബത്തിന് താമസിക്കാനുള്ള സൗകര്യം അനുവദിക്കുകയോ തൊഴില്‍ കരാറില്‍ ഫാമിലി താമസത്തിനുള്ള പ്രത്യേക അലവന്‍സ് രേഖപ്പെടുത്തുകയോ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ വിസ അനുമതി ലഭിക്കില്ല. കൂടാതെ ശമ്പളവും തൊഴില്‍ തസ്തികയും വ്യക്തമാക്കി ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള ലറ്ററും ഹാജരാക്കിയിരിക്കണം. എന്നാല്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള നിബന്ധന പറയുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നോട്ടറി ഒപ്പുവെച്ച എംപ്ലോയ്‌മെന്റ് കരാറും ആവശ്യപ്പെടുന്നു.