ഉദരരോഗ ചികിത്സയില്‍ സ്‌പൈഗ്ലാസ് കൊളാഞ്ജിയോസ്‌കോപിക്ക് പ്രചാരം

Posted on: July 18, 2016 1:26 pm | Last updated: July 18, 2016 at 6:27 pm
SHARE

SPY GLASSകൊച്ചി: കരള്‍, പാന്‍ക്രിയാസ്, പിത്താശയം എന്നിവയിലെ മുഴകളും കല്ലുകളും നേരില്‍ കണ്ട് ചികിത്സിക്കാന്‍ സഹായിക്കുന്ന സ്‌പൈഗ്ലാസ് കൊളാന്‍ജിയോസ്‌കോപി പരിശോധനക്ക് വന്‍ പ്രചാരം. ഡിജിറ്റല്‍ സ്‌പൈഗ്ലാസ് കൊളാന്‍ജിയോസ്‌കോപി രോഗഗ്രസ്ഥമായ ഭാഗങ്ങള്‍ കൂടുതല്‍ തെളിമയോടെ കാണാന്‍ സഹായിക്കുന്നതിന് പുറമേ ഉപയോഗിക്കാന്‍ ലളിതവും കൂടുതല്‍ കാര്യക്ഷമമവുമാണ്.

പിത്താശയത്തിലെയും പാന്‍ക്രിയാസിലെയും കല്ലുകള്‍ നീക്കം ചെയ്യാനും ഇവയിലെ തകരാറുകള്‍ വിലയിരുത്താനുമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. രോഗങ്ങള്‍ നേരത്തെ അറിയാനും ചികിത്സിക്കാനും ഇത് സഹായിക്കുന്നു. പരമ്പരാഗത ചികിത്സാരീതിയെ അപേക്ഷിച്ച് രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യവും ആശുപത്രിവാസവും കുറക്കാനും വേഗത്തില്‍ സാധാരണനിലയിലേക്ക് മടങ്ങാനും ഈ ചികിത്സാരീതിയിലൂടെ കഴിയുന്നു. മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ചിരുന്ന രോഗങ്ങള്‍ക്ക് സ്‌പൈഗ്ലാസ് ചികിത്സയിലൂടെ ശരീരത്തില്‍ മുറിവുകളൊന്നും ഏല്‍പ്പിക്കുന്നില്ലെന്ന് മാത്രമല്ല ഉദരരോഗങ്ങള്‍ കാരണമുള്ള മരണസംഖ്യയും ശരീരാഘാതവും കുറക്കാനും സഹായിക്കുന്നു.
സാധാരണ ഉപയോഗിക്കുന്ന എന്റോസ്‌കോപ്പിലൂടെ കടത്തിവിടുന്ന സ്‌പൈഗ്ലാസ് സ്‌കോപ്, പിത്താശത്തിലും പാന്‍ക്രിയാസ് ഗ്രന്ഥിയിലും കടന്ന് അതിന്റെ ദൃശ്യങ്ങള്‍ നേരിട്ട് കാണാന്‍ സഹായിക്കുന്നു. മഞ്ഞപ്പിത്തം, ടി ബി, ഫംഗല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന വിവിധതരം മുഴകള്‍ കണ്ടെത്താനും എത്രയും നേരത്തെ ചികിത്സിക്കാനും ഈ പ്രക്രിയയിലൂടെ കഴിയുന്നു.
പിത്താശയത്തിലെ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ നീക്കുന്നതില്‍ സ്‌പൈഗ്ലാസ് കൊളാന്‍ജിയോസ്‌കോപി സഹായകമായിട്ടുണ്ടെന്ന് ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം വിദഗ്ധന്‍ ഡോ. റോയ് ജെ. മുക്കട പറഞ്ഞു.