വിള സമൃദ്ധിക്ക് ഒറ്റ ഞാര്‍ മോഡല്‍ പരീക്ഷണം

Posted on: July 18, 2016 12:18 pm | Last updated: July 18, 2016 at 6:19 pm
SHARE

Nemmara-paddyപാലക്കാട്:നെല്‍കൃഷിയില്‍ എസ് ആര്‍ ഐ (സിസ്റ്റം ഓഫ് റൈസ് ഇന്റന്‍സിഫിക്കേഷന്‍)പുതിയ രീതി പരീക്ഷിക്കുന്നു. 1980 ല്‍ മഡഗാസ്‌കറില്‍ പരീക്ഷിച്ച ഒറ്റഞാര്‍ (എസ് ആര്‍ ഐ) കൃഷിയുടെ പുതിയ രീതിയാണ് ജില്ലയിലെ മുതലമടയില്‍ പരീക്ഷിക്കുന്നത്.

കുറഞ്ഞ ചെലവിലാണ് കൂടുതല്‍ ഉത്പാദനം. പതിമൂന്നാം ദിവസം ഞാറ് പറിച്ചുനടാം. നുരികളുടെ എണ്ണവും കുറവുമതി. നടീല്‍ അകലം 35 മുതല്‍ 40 സെന്റീമീറ്റര്‍വരെയാണ്, ജല നിയന്ത്രണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതാണ് നടീല്‍ രീതി. മുതലമട പഞ്ചായത്തിലെ മല്ലന്‍കുളമ്പ് കലാധരന്റെ അരഏക്കര്‍ നെല്‍പ്പാടത്താണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപന പദ്ധതിയായ ലീഡ്‌സ് മുഖേന ഈ മാതൃക പരീക്ഷിക്കുന്നത്, ചൈനയിലെ സിച്ചുവാന്‍ കാര്‍ഷിക അക്കാദമിയിലാണ്.

ഹൈബ്രീഡ് റൈസിന്റെ പിതാവെന്ന് ചൈന വിളിക്കുന്ന പ്രൊഫ യുവാന്‍ ലോങ് പിങ് ആണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഈ രീതിയില്‍ വളരെകുറച്ച് വെള്ളമുണ്ടെങ്കില്‍ കൃഷിയിറക്കാന്‍ കഴിയും. ഞാറുകളും വളരെ കുറച്ചുമതി. വളം, കളപറിക്കല്‍ എന്നിവയിലും ലാഭമുണ്ടാക്കാന്‍ കഴിയും. ത്രികോണാകൃതിയില്‍ നടുന്നതാണിന്റെ പ്രത്യേകത. ചൈനയില്‍ ഹൈബ്രീഡ് നെല്‍വിത്ത് കൃഷിചെയ്തപ്പോള്‍ നിലവില്‍ ലഭിച്ചതിനേക്കാള്‍ രണ്ടിരട്ടി ഉത്പാദനവര്‍ധനയുണ്ടായെന്നാണ് സിച്ചുവാന്‍ കാര്‍ഷിക അക്കാദമിയിലെ വിദഗ്ധര്‍ പറയുന്നത്. ജില്ലയില്‍ പരീക്ഷണത്തിനിറങ്ങും മുമ്പ് പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ ഷണ്‍മുഖ സുന്ദരം, ഡോ രഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുതലമടയില്‍ പരീക്ഷിക്കുന്നത്. ഞാറ്റടി തയ്യാറാക്കി 13 ദിവസത്തിനുള്ളില്‍ ഞാറുകള്‍ പറിച്ച് ഏഴു സെന്റീമീറ്റര്‍ വശങ്ങളുള്ള ത്രികോണാകൃതിയില്‍ ഒരു നുരിയില്‍ ഞാറുകള്‍ നടും.

ഇത്തരം രണ്ട് നുരികള്‍ തമ്മില്‍ 35 സെന്റീമീറ്റര്‍ വീതമുള്ള വരികളുണ്ടാക്കി 40 സെന്റീമീറ്റര്‍ അകലം ഉണ്ടാക്കിയാണ് നടുന്നത്. നാടന്‍ ഇനമായ സുജാത വിത്താണ് കലാധരന്റെ കൃഷിയിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിശക്തമായ വേരുപടലത്തിന്റെ കരുത്തില്‍ കൂടുതല്‍ ചിനപ്പുപൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിര്‍ക്കുലകളുണ്ടാകുന്നു. വിത്ത്, വളം, വെള്ളം എന്നിവയെല്ലാം വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നതിനാല്‍ പരമ്പരാഗത രീതിയെക്കാള്‍ ചെലവ് കുറവും കൂടുതല്‍ വിളവും ലഭിക്കുമെന്നാണ് കരുതുന്നത്. വെള്ളം കുറഞ്ഞതോതില്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇത് അനുയോജ്യമായ കൃഷിയാകുമെന്നാണ് കരുതുന്നത്. വിളവ് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയാകുമെന്നതിനാല്‍ ഭാവിയില്‍ ഭക്ഷ്യക്ഷാമം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.