Connect with us

Gulf

ദുബൈയില്‍ പ്രകൃതി സൗഹൃദ വാഹനങ്ങള്‍ 10 ശതമാനമായി വര്‍ധിപ്പിക്കും

Published

|

Last Updated

ദുബൈ: 2020ഓടെ ദുബൈ നിരത്തുകളിലെ വാഹനങ്ങളില്‍ 10 ശതമാനത്തോളം ഇലക്ട്രിക് വാഹനങ്ങളാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്നോണം ദുബൈ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ക്ക് ആയിരക്കണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു.

കാര്‍ബണ്‍ പ്രസരണത്തിന്റെ തീവ്രാഘാതം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കുറക്കുന്നതിനാണ് സുപ്രീം എനര്‍ജി കൗണ്‍സില്‍, എക്‌സിക്യുട്ടീവ് ഇലക്ട്രിക് കാര്‍ കമ്മിറ്റി, ടെക്‌നിക്കല്‍ ഇലക്ട്രിക് കാര്‍ കമ്മിറ്റി എന്നിവ സംയുക്തമായി നൂതന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
2020ഓടുകൂടി 16 ശതമാനം കാര്‍ബണ്‍ പ്രസരണം കുറക്കാനാണ് ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പ്രത്യാശയുണ്ട്. ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സഹകാരികളായ സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് വിഭാഗം എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വലീദ് സല്‍മാന്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ ഇതിനോടകം 100 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഔദ്യോഗിക ഉപയോഗങ്ങള്‍ക്ക് ദിവ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ നിലവില്‍ വാങ്ങിയിട്ടുണ്ട്.
ദുബൈയിലെ എനര്‍ജി രംഗത്തെ വിദഗ്ധര്‍ അമേരിക്കന്‍ നിര്‍മിത ഇലക്ട്രിക് കാറായ ടെല്‍സ 3ന്റെ ലഭ്യത ഉറപ്പ് വരുത്തിയിരുന്നു. ആഗോളതലത്തില്‍ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് രൂപകല്‍പന ചെയ്ത പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് കാറായ ടെല്‍സ 3ന് കാലിഫോര്‍ണിയയിലെ നിര്‍മാണ ശാലയില്‍ 325,000 മുന്‍കൂര്‍ ബുക്കിംഗാണ് ആഗോളതലത്തില്‍നിന്ന് ലഭിച്ചത്. 5,142 കോടി ദിര്‍ഹമിന്റെ നിര്‍മാണ കരാറാണ് ഈ ഇനത്തില്‍ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് യു എ ഇയുടെ ആവശ്യം നിറവേറ്റാന്‍ പാകത്തില്‍ കാറുകളുടെ ലഭ്യത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയത്. 128,100 ദിര്‍ഹം വില വരുന്ന കാറിന് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ രാജ്യത്തേക്ക് ഷിപ്‌മെന്റ് ഏര്‍പെടുത്തുന്നതിന് കമ്പനി സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. സുസ്ഥിരമായ പ്രകൃതി സംരക്ഷണത്തിന് ഇലക്ട്രിക് കാറുകളുടെ വ്യാപനം സാധ്യമാകുന്നതോടെ ദുബൈയുടെ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങള്‍ ഫലം കാണുമെന്ന് പ്രത്യാശിക്കുന്നതായി സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.