മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍

Posted on: July 18, 2016 4:42 pm | Last updated: July 19, 2016 at 10:36 am
SHARE

vellapallyതിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നു. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇല്ലാത്ത സംഘങ്ങള്‍ക്ക് പണം പണം നല്‍കിയയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയ്ക്കും സാമ്പത്തിക ക്രമക്കേട് നടന്നതിനും പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചതായും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് വായ്പയെടുത്ത 15.85 കോടി രൂപ എത്തേണ്ടിടത്ത് എത്തിയില്ല. കുറഞ്ഞ പലിശയ്ക്ക് ഈ തുക വിതരണം ചെയ്യപ്പെട്ടില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെങ്കിലും മുന്‍ കാലങ്ങളില്‍ നടത്തിയ പദ്ധതികളെക്കുറിച്ച് പരിശോധനകള്‍ നടത്തിയില്ല എന്നത് സംശയമുണ്ടാക്കുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

മൈക്രോഫിനാന്‍സ് കേസില്‍ കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളിയെ കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, ദിലീപ് എന്നിവരാണ് മറ്റു പ്രതികള്‍. ഗൂഢാലോചന സാന്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.