ദുബൈ കനാല്‍ പദ്ധതി: ജുമൈറ പാലത്തിന്റെ രണ്ട് നിരകൂടി തുറന്നു

Posted on: July 18, 2016 4:02 pm | Last updated: July 18, 2016 at 4:02 pm
SHARE

jumaira bridgeദുബൈ: ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായ ജുമൈറ പാലത്തിന്റെ രണ്ട് വരികൂടി ഗതാഗതത്തിനായി തുറന്നു. ഇന്നലെ രാവിലെയാണ് രണ്ടു നിര ആര്‍ ടി എ അധികൃതര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ജുമൈറ രണ്ടി(വടക്ക്)ല്‍ നിന്ന് ജുമൈറ മൂന്നി(തെക്ക്)ലേക്കുള്ള ദിശയിലാണ് ഇതോടെ പാലത്തിന്റെ രണ്ടു നിരകളില്‍ കൂടി വാഹന ഗതഗാതം സാധ്യമായിരിക്കുന്നത്. ജുമൈറ മൂന്നി(തെക്ക്)ല്‍ നിന്ന് ജുമൈറ രണ്ടി(വടക്ക)ലേക്ക് മുമ്പ് ഗതാഗതത്തിനായി പാത തുറന്നുകൊടുത്തിരുന്നു.

ഈ മാസം തന്നെ പാലത്തിലെ മൂന്നാമത്തെ നിരയും ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ആര്‍ ടി എയുടെ പദ്ധതി. പാലത്തില്‍ ഇരു ഭാഗത്തേക്കും മൂന്നു നിര വീതമാണ് ആര്‍ ടി എ നിര്‍മിക്കുന്നത്. കനാലിന് എട്ടര മീറ്റര്‍ ഉയരത്തിലൂടെയാണ് പാലം കടന്നുപോകുന്നത്. ഇതിനാല്‍ 24 മണിക്കൂറും കപ്പലുകള്‍ ഉള്‍പെടെയുള്ളവക്ക് ഇരു ഭാഗത്തേക്കും സുഖമമായി കടന്നുപോകാന്‍ സാധിക്കും. അവശേഷിക്കുന്ന നിരകൂടി തുറക്കുന്നതോടെ പാലത്തിന് മുകളിലെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ണമാവും. അതിന് ശേഷമായിരിക്കും ഈ ഭാഗത്ത് കനാല്‍ ആഴം കൂട്ടുന്ന പ്രവര്‍ത്തി ആരംഭിക്കുക. അതോടൊപ്പം കനാല്‍ ഭിത്തിയും കെട്ടും.

കനാലിന്റെ ഇരു കരകളെയും ബന്ധിപ്പിച്ച് മൂന്നു നടപ്പാലങ്ങളും നിര്‍മിക്കും. ഇരു ഭാഗത്തെയും മുഖ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാവും ഇവയുടെ നിര്‍മാണം. ജലഗതാഗതത്തിനായി 10 സ്റ്റേഷനുകള്‍ പണിയും. കൃത്രിമമായി ഇവിടെ ഉപദ്വീപും സാക്ഷാത്കരിക്കും. ജുമൈറ പാര്‍ക്കിനോട് ചേര്‍ന്നാവുമിത്. ഇതോടെ ജുമൈറ മേഖലയിലെ കടല്‍തീരം ഇരട്ടിക്കും. ഉദ്യാനത്തിന്റെ വിസ്തൃതിയും ഇതോടെ കൂടും. വിനോദങ്ങള്‍ക്കുള്ള സൗകര്യവും ഇവിടെ ഒരുക്കാനും ആര്‍ ടി എ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ദുബൈ കനാല്‍ പദ്ധതിക്കായി 170 കോടി ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റെസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടും. പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി പൂര്‍ത്തിയായാല്‍ വന്‍ വാണിജ്യ സാധ്യതയും തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാട്ടര്‍ കനാല്‍ പദ്ധതിയുടെ നാല്, അഞ്ച് ഘട്ടങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കനാലിന്റെ ഇരുവശത്തും നഗരവികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നാലാം ഘട്ടത്തിലൊരുക്കുന്നത്. റോഡും വൈദ്യുതി, വെള്ളം എന്നിവക്കുള്ള യൂട്ടിലിറ്റി ലൈനുകളും നിര്‍മിക്കുന്നുണ്ട്. അഞ്ചാംഘട്ടത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകളുപയോഗിച്ച് മതിലുകളുടെയും കല്‍കെട്ടുകളുടെയും നിര്‍മാണമാണുള്ളത്.
ബിസിനസ് ബേ തടാകത്തില്‍നിന്ന് മണല്‍ നീക്കം ചെയ്യുക, ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ്, കനാലിന്റെ ഇരുവശങ്ങളിലും മൂന്ന് ജല ഗതാഗത സ്റ്റേഷനുകളുടെ നിര്‍മാണം എന്നിവ അഞ്ചാംഘട്ടത്തിലാണുള്ളത്.