ആറു മാസത്തിനിടെ ദുബൈയില്‍ പിടിക്കപ്പെട്ടത് 6,897 അനധികൃത ടാക്‌സികള്‍

Posted on: July 18, 2016 3:59 pm | Last updated: July 18, 2016 at 3:59 pm
SHARE

dubai taxiദുബൈ: കഴിഞ്ഞ ആറു മാസത്തിനിടെ ആര്‍ ടി എ അധികൃതരുടെ പരിശോധനയില്‍ പിടിയിലായത് 6,897 അനധികൃത ടാക്‌സികള്‍. ആര്‍ ടി എയുടെ കീഴിലുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ടേഷന്‍ വിഭാഗത്തിലെ നിരീക്ഷണ സംഘമാണ് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്രയും അനധികൃത ടാക്‌സികള്‍ പിടികൂടിയത്. അധികൃതരില്‍നിന്ന് ആവശ്യമായ അനുമതി സംഘടിപ്പിക്കാതെ സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് നടത്തി പണമുണ്ടാക്കുന്നവരാണ് പിടിയിലായത്. യാത്രക്കാരുടെ സൗകര്യങ്ങള്‍, അവരുടെ ദേഹ സുരക്ഷ, കൈവശമുള്ള പണമുള്‍പെടെയുള്ളവയുടെ സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണ് ആര്‍ ടി എ അനധികൃത ടാക്‌സി സര്‍വീസിനെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നത്.
അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനത്തിലാണെങ്കില്‍ 20,000 ദിര്‍ഹമാണ് പിഴ ചുമത്തുക. കമ്പനി വാഹനമാണ് പിടിക്കപ്പെട്ടതെങ്കില്‍ അര ലക്ഷം ദിര്‍ഹമായിരിക്കും പിഴയൊടുക്കേണ്ടി വരിക. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാക്കുമെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ ഇത്തരം അനധികൃത സേവനങ്ങളുപയോഗപ്പെടുത്തുന്നതില്‍നിന്ന് മാറി നില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ വാഹന ഉടമകളേക്കാള്‍ ബോധവത്കരണം നത്തിയിട്ടുള്ളത് പൊതുജനങ്ങളിലാണ്. അല്‍പം പണം ലാഭിക്കാന്‍ സ്വന്തം ജീവന്‍ വരെ അപായപ്പെട്ടേക്കാവുന്ന വഴികള്‍ സ്വീകരിക്കുന്നതില്‍നിന്ന് പൊതുജനങ്ങള്‍ പിന്തിരിയണം. അനധികൃത ടാക്‌സികളില്‍ കയറി വിലപിടിപ്പുള്ള മൊബൈലുകളും ധനവും കൊള്ളയടിക്കപ്പെട്ടവരുണ്ട്. ജീവന്‍ വരെ അപകടത്തില്‍ പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ആര്‍ ടി എ അധികൃതര്‍ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. പിടിക്കപ്പെട്ടവരില്‍ അധികവും പാക്കിസ്ഥാന്‍ സ്വദേശികളാണ്. അതിക്രമങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആര്‍ ടി എ വൃത്തങ്ങള്‍ വെളിപ്പെടുത്തി.