ചെക്‌പോസ്റ്റ് വഴി നികുതി വെട്ടിച്ച് കോടികളുടെ ചരക്ക് കടത്ത്

Posted on: July 18, 2016 2:16 pm | Last updated: July 18, 2016 at 2:16 pm
SHARE

 

WALAYARപാലക്കാട്: ചെക്‌പോസ്റ്റ് വഴി ദിനംപ്രതി നികുതി വെട്ടിച്ചു കോടികളുടെ ചരക്ക് കടത്ത്. തമിഴ്‌നാട്, കേരള സര്‍ക്കാര്‍ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായാണ് ചരക്ക് കടത്ത്. സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയിനത്തില്‍ ദിനംപ്രതി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. കൗണ്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് തങ്ങളുടെ സ്വന്തം താത്പര്യ പ്രകാരമാണ് അധികൃതര്‍ അധിക ജോലി സമയമെടുത്ത് വാഹന പരിശോധനക്കായി ഇറങ്ങുന്നത്. നിലവില്‍ ആകെയുള്ളത് 47 ഇന്‍സ്‌പെക്ടര്‍മാരാണ്. പാഴ്‌സലുകളും വാഹന പരിശോധനയും കൃത്യമായി 24 മണിക്കൂറും നടത്തണമെങ്കില്‍ അധികമായി എട്ട് ഇന്‍സ്‌പെക്ടര്‍മാര്‍ കൂടി വേണം.

പല ഉദ്യോഗസ്ഥരും വിശ്രമം പോലും ഉപേക്ഷിച്ചാണു രാത്രി വാഹന പരിശോധനക്കിറങ്ങുന്നത്. മതിയായ രേഖകളും ബില്ലുകളും ഇല്ലാതെയാണ് നികുതി വെട്ടിച്ച് വെള്ളി, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ സ്വകാര്യ വാഹനങ്ങളിലും സര്‍ക്കാര്‍ ബസുകളിലുമായി കടത്തുന്നത്. കോഴിക്കുഞ്ഞ് കടത്തും വാളയാര്‍ ചെക്‌പോസ്റ്റ് വഴി വ്യാപകമാണ്. പരിശോധനക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നുപിടികൂടാന്‍ നല്ല ജീപ്പുകളില്ല.

15 കൗണ്ടറുകള്‍ സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ 60 ഉദ്യോഗസ്ഥര്‍ വേണം. ഇപ്പോള്‍ ആകെ 48 ഉദ്യോഗസ്ഥരേയുള്ളൂ. സംയോജിത ചെക്‌പോസ്റ്റും സ്‌കാനര്‍ പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഇപ്പോഴും കടലാസില്‍ മാത്രമാണ്.
കിഴക്കന്‍ മേഖലയിലെ മീനാക്ഷിപുരം അതിര്‍ത്തിയില്‍ ഇറച്ചിക്കോഴി, ജീവനുള്ള കോഴിക്കുഞ്ഞുങ്ങള്‍, പലചരക്കു സാധനങ്ങള്‍ തുടങ്ങിയവ വ്യാപകമായി ഊടുവഴികളിലൂടെയും ചെക്‌പോസ്റ്റ് അധികൃതരെ വെട്ടിച്ച് സമാന്തര റോഡുകളിലൂടെയും കനാല്‍ വഴിയും കടന്നുപോകുന്നുണ്ട്. നിത്യേന നിരവധി വണ്ടികളാണ് പലചരക്ക്, വെല്ലം, പരിപ്പ്, സോപ്പ്, ഗൃഹോപകരണങ്ങള്‍, വാര്‍ക്ക കമ്പി, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ നികുതി വെട്ടിച്ച് കടത്തുന്നത്. ഒഴലപ്പതി, എല്ലപ്പെട്ടാന്‍കോവില്‍, നടുപ്പതി, നെടുമ്പാറ, നെല്ലിമേട് എന്നിവയാണ് അതിര്‍ത്തിയിലെ പ്രധാന ഊടുവഴികള്‍.

എല്ലപ്പെട്ടാന്‍ കോവില്‍, നെടുമ്പാറ, നെല്ലിമേട് വഴി ഇറച്ചിക്കോഴിയും ജീവനുള്ള കോഴിക്കുഞ്ഞുങ്ങളുമാണു പ്രധാനമായും കടത്തുന്നത്. മറ്റു വഴികളിലൂടെയാണു ആഡംബര വാഹനങ്ങളിലും ബസ് മാര്‍ഗവും സ്പിരിറ്റും കഞ്ചാവും കടന്നുപോകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴിയെത്തുന്ന നടുപ്പുണ്ണി ചെക്‌പോസ്റ്റിലൂടെ കടന്നുപോകേണ്ട സാധനങ്ങള്‍ ഊടുവഴികളിലൂടെ പോകുന്നുണ്ട്.
മീനാക്ഷിപുരം നെല്ലിമേട് വഴി വലിയ വാഹനത്തിലും ബൈക്കുകളിലുമായി പ്രതിദിനം 50ലേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. അതിരാവിലെയും രാത്രിയിലും വണ്ടിത്താവളം, പട്ടഞ്ചേരി മേഖലയിലൂടെയും കടത്ത് വ്യാപകമാണ്.