കളമശ്ശേരി കൂട്ടബലാത്സംഗം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: July 18, 2016 1:10 pm | Last updated: July 18, 2016 at 3:21 pm
SHARE

കൊച്ചി : ജോലിക്കായി വിളിച്ചു കൊണ്ടുപോയി തമിഴ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളമശേരി തേവക്കല്‍ വി.കെ,സി കോളനിയില്‍ പറക്കാട്ട് അതുല്‍ (22), കങ്ങരപ്പടി വടകോട് മുണ്ടക്കല്‍ നിയാസ് (28), എടത്തല മണലിമുക്ക് പാറയില്‍ മാജ് (21), എടത്തല മാളിയംപടി കൊല്ലാറ വീട്ടില്‍ അനീഷ് (28) എന്നിവരെയാണ് ആലുവ കോടതി ശിക്ഷിച്ചത്. നേരത്തെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ യുവതി തിരിച്ചറിഞ്ഞിരുന്നു.

2014 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശേരി സൈബര്‍ സിറ്റി പുല്ലുവെട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞാണ് യുവതിയെ ഓട്ടോയിലെത്തിയ അതുലും അനീഷും ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്ന് വിളിച്ചു കൊണ്ടുപോയത്. ഒറ്റയ്ക്ക് വരില്ലെന്ന പറഞ്ഞ യുവതിക്കൊപ്പം മറ്റൊരു സ്ത്രീയെയും ഓട്ടോയില്‍ കയറ്റി ഉണിച്ചിറ ഭാഗത്ത് എത്തിയപ്പോള്‍ മാജും നിയാസും ഒപ്പം ചേര്‍ന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയെങ്കിലും പണം കൂടുതല്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ സ്ത്രീകള്‍ കൂടെ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തള്ളിത്താഴെയിട്ട ശേഷമാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. അവശയായ യുവതിയുടെ സ്വര്‍ണമാലയും കമ്മലും മോതിരവും ഊരിയെടുത്ത സംഘം മൊബൈല്‍ ഫോണും തട്ടിയെടുത്ത് ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ് (32), ഇയാളുടെ ഭാര്യ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിന്‍ (35) എന്നിവരും അറസ്റ്റിലായിരുന്നു.