Connect with us

Kerala

പുകയില ഉത്പന്ന പാക്കറ്റുകളില്‍ സചിത്ര മുന്നറിയിപ്പില്ലെങ്കില്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം: പുകയില ഉത്പന്നങ്ങളുടെ കവറുകളില്‍ വലിയ സചിത്ര മുന്നറിയിപ്പുകള്‍ നല്‍കണമെന്ന “കോറ്റ്പ” നിയമത്തിലെ വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉത്തര, ദക്ഷിണ മേഖലാ എ ഡി ജി പിമാര്‍ക്കും റെയ്ഞ്ച് ഐ ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

2003ലെ സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും (പരസ്യങ്ങള്‍ നിരോധിക്കലും ഉത്പാദനവും വിതരണവും വില്‍പ്പനയും നിയന്ത്രിക്കലും) നിയമ പ്രകാരം, 2014ല്‍ രൂപം നല്‍കിയ സചിത്ര മുന്നറിയിപ്പ് ചട്ടങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പിലായിരുന്നു. ഇതനുസരിച്ച് രാജ്യത്ത് ഉത്പാദനമോ വിതരണമോ വില്‍പ്പനയോ നടത്തുന്ന എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെയും കവറില്‍ പ്രധാന ഡിസ്‌പ്ലെ ഏരിയയുടെ 85 ശതമാനം വരുന്ന തരത്തില്‍ പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള സചിത്ര മുന്നറിയിപ്പുകള്‍ നല്‍കണം.

കഴിഞ്ഞ മാസം ഒന്നിന് മുമ്പ് സംസ്ഥാനത്ത് ഇത് നടപ്പില്‍ വരുത്തേണ്ടതായിരുന്നു.എന്നാല്‍, കവറില്‍ ഇത്തരത്തില്‍ 85 ശതമാനം ഭാഗത്ത് സചിത്ര മുന്നറിയിപ്പുകള്‍ ഇല്ലാത്ത നിരവധി ഉത്പന്നങ്ങള്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. കവറില്‍ സചിത്ര മുന്നറിയിപ്പ് ഇല്ലാത്ത പുകയില ഉത്പന്നങ്ങള്‍ മാറ്റി പകരം നിയമപ്രകാരമുള്ള സചിത്ര മുന്നറിയിപ്പോടുകൂടിയവ ലഭ്യമാക്കാന്‍ വ്യാപാരികള്‍ക്ക് രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതിനു ശേഷം നിയമ പ്രകാരമല്ലാത്ത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടോയെന്ന് പരിശോധന നടത്താനും കണ്ടെത്തിയാല്‍ അപ്രകാരമുള്ള ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സഹായവും തേടണം. പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

Latest