ഖബര്‍സ്ഥാനിലെ കൊല: പ്രതി റിമാന്‍ഡില്‍

Posted on: July 18, 2016 9:49 am | Last updated: July 18, 2016 at 9:49 am
SHARE

1തലശ്ശേരി: ന്യൂമാഹി പെരിങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ പഴയ ഖബറില്‍ കൊമ്മോത്ത് പീടിക സാഹിറാസില്‍ പുതിയ പുരയില്‍ സിദ്ദീഖിനെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് കോട്ടയത്തെ കൂവപ്പാടി മാപ്പിളാര്‍ കണ്ടിയില്‍ പള്ളിയത് യൂസഫിനെ (55) തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന്റെ ചുമതല വഹിക്കുന്ന കണ്ണര്‍ ജെ എഫ് സി എം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരിങ്ങാടി ജുമുഅ മസ്ജിദില്‍ ഖബര്‍ വെട്ടുന്ന ജോലിക്കാരനാണ് യൂസഫ്. അകന്ന ബന്ധുവും വയോധികനുമായ സിദ്ദീഖിനെ പണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും തനിച്ചാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂമാഹി കല്ലാപ്പള്ളിക്ക് സമീപത്തെ ഹോളോബ്രിക്‌സ്, മീസാന്‍കല്ല, കഫം പുടവ തുടങ്ങി മയ്യത്ത് സംസ്‌കാര സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് സിദ്ദീഖ്. സാമ്പത്തിക ശേഷിയുള്ള ഈ അറുപത്തിയെട്ടുകാരന്റെ കൈവശം എപ്പോഴും അമ്പതിനായിരത്തില്‍ കുറയാത്ത പണം ഉണ്ടാകും. ഇതറിയാവുന്ന യുസഫ് സൂത്രത്തില്‍ സിദ്ദീഖിനെ പള്ളിപ്പരിസരത്തേക്ക് വിളിച്ചുവരുത്തി വകവരുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല നടത്തിയ ശേഷം സിദ്ദീഖിന്റെ കീശയിലുണ്ടായ മുപ്പതിനായിരം രൂപ കൈക്കലാക്കി രക്ഷപ്പെട്ടു. ഖബറില്‍ മൃതദേഹം കുഴിച്ചുമൂടണമെങ്കില്‍ ഖബറിന് കുഴിവെട്ടുന്നവര്‍ അറിയാതിരിക്കില്ലെന്ന നിഗമനത്തില്‍ സിദ്ദീഖിന്റെ ജഡം കണ്ടെത്തിയ ദിവസം മുതല്‍ പെരിങ്ങാടി ജുമാഅത്ത് പള്ളിയില്‍ ഖബര്‍ വെട്ടിയിരുന്ന അലി, സോഹദരന്‍ യൂസഫ്, അലിയുടെ മകന്‍ അക്ബര്‍ എന്നിവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അലിക്കും മകന്‍ അക്ബറിനും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി. ഇരുവരെയും വിട്ടയച്ച ഉദ്യോഗസ്ഥര്‍ യൂസഫിനെ മാറിമാറി ചോദ്യം ചെയ്തു. ഇടക്ക് പരസ്പര വിരുദ്ധമായി മൊഴി നല്‍കിയെങ്കിലും ഒടുവില്‍ കൊല നടത്തിയതായി സമ്മതിച്ചു. കൂത്തുപറമ്പില്‍ പുതിയ വീട് പണിയുന്ന യൂസഫിന് ഏറെ സാമ്പത്തിക പ്രയാസമുണ്ടായിരുന്നു. കല്ല് ഇറക്കിയ വകയില്‍ 28,500 രൂപ ഇക്കഴിഞ്ഞ ഒമ്പതിന് കൊടുക്കാനുണ്ടായിരുന്നു. മറ്റ് പോംവഴിയൊന്നും കാണാത്തതിനെ തുടര്‍ന്നാണ് സിദ്ദീഖിനെ കൊന്നതെന്ന് പോലീസ് പറഞ്ഞു.