ചേളാരി വിഭാഗത്തിന്റെ ഭീകരത: കരിപ്പൂരിലും പള്ളി പൂട്ടി

Posted on: July 18, 2016 9:45 am | Last updated: July 18, 2016 at 9:45 am
SHARE

കൊണ്ടോട്ടി: ചേളാരി വിഭാഗത്തിന്റെ തേര്‍വാഴ്ചയില്‍ കരിപ്പൂരിലും പള്ളി പൂട്ടി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുതവല്ലി ഭരണത്തിന് കീഴിലായ കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമുഅ മസ്ജിദാണ് വിഘടിതര്‍ ഭീകരാന്തരിക്ഷം സുഷ്ടിച്ചത് മൂലം പോലീസ് പൂട്ടിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ചേളാരി വിഭാഗം പള്ളി പിടിച്ചെടുക്കാന്‍ ശ്രമം നടത്തി വരികയാണ്. യു ഡി എഫ് ഭരണത്തില്‍ സ്വാധീനം ചെലുത്തിയും വഖഫ് ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയും ഇതിനായി വിഘടിതര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ മുതവല്ലി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ ചേളാരി വിഭാഗത്തിന്റെ നീക്കം പാളി. പിന്നീട് ഭരണ സ്വാധീനം ഉപയോഗിച്ച് പള്ളിക്കുമേല്‍ സ്വയം അധികാരം സ്ഥാപിച്ചു വിഘടിതര്‍ മഹല്ലില്‍ കുഴപ്പം സുഷ്ടിച്ചിരുന്നു. നാട്ടില്‍ സമാധാനം നിലനില്‍ക്കേണ്ടതിനാല്‍ സുന്നി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു പോന്നു.

കേസ് തീരും വരെ പള്ളിയുടെ സുഗമമായ നടത്തിപ്പിന് മുതവല്ലിയെ സഹായിക്കുന്നതിന് ഇരു വിഭാഗത്തില്‍ നിന്നായി ഏതാനും പേരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കൊണ്ടോട്ടി സി ഐ യോഗം വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ സുന്നി വിഭാഗം അനുകൂലമായി പ്രതികരിച്ചെങ്കിലും വിഘടിത വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. മുതവല്ലിയെ അംഗീകരിക്കില്ലെന്നും പള്ളി ഭരണം സ്വന്തമായി നടത്തുമെന്ന ദുര്‍വാശിയോടെ വിഘടിതര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.

പള്ളിയിലെത്തിയ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും കൂടുതല്‍ പോലീസെത്തി വിശ്വാസികളെ ലാത്തിവീശി ഓടിച്ചു. പള്ളി പൂട്ടിയ പോലീസ് പള്ളിയിലേക്കുള്ള വഴിയില്‍ നിലയുറപ്പിച്ചു. പള്ളിയിലേക്ക് ആരേയും കടത്തിവിട്ടില്ല. ഇതോടെ ഇന്നലെ ളുഹര്‍ മുതല്‍ പള്ളിയില്‍ ബാങ്കും നിസ്‌കാരവും നിലച്ചിരിക്കയാണ്. വിഘടിതരില്‍ രാഷ്ട്രീയ പ്രാമുഖ്യമുള്ള ചില വ്യക്തികളാണ് പ്രശ്‌നമുണ്ടാക്കുന്നത്. വിഘടിതരുടെ പ്രദേശിക നേതാക്കള്‍ ഇക്കാര്യം അറിയിച്ചിട്ടും നേതൃത്വം ഇവര്‍ക്ക് ഒത്താശ ചെയുന്നതില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്.

പള്ളി പൂട്ടിച്ച വിഘടിതരുടെ നിലപാടില്‍ സുന്നി സംഘടനകള്‍ പ്രതിഷേധിച്ചു. എസ് എം എ ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, മുസ് ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലര്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി, എസ് ജെ എം ജില്ലാ ഉപാധ്യക്ഷന്‍ പി മനു മുസ്‌ലിയാര്‍, മുസ് ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി എ വീരാന്‍ മാസ്റ്റര്‍ സ്ഥലം സന്ദര്‍ശിച്ചു. 2013ലും വിഘടിതര്‍ സി ഐ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചിരുന്നു.