Connect with us

International

തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറി: ആഹ്ലാദ പ്രകടനവുമായി സര്‍ക്കാര്‍ അനുകൂലികള്‍

Published

|

Last Updated

ഇസ്താംബുള്‍: പട്ടാള അട്ടിമറി നീക്കം തകര്‍ത്തതിന് പിന്നാലെ തുര്‍ക്കി നഗരങ്ങളില്‍ ആഹ്ലാദപ്രകടനവുമായി സര്‍ക്കാര്‍ അനുകൂലികള്‍. ഇസ്താംബൂളിലും അങ്കാറയിലും മറ്റു നഗരങ്ങളിലും തുര്‍ക്കി ദേശീയ പതാകയുമായി ഉര്‍ദുഗാന്‍ അനുയായികള്‍ ഒത്തുകൂടി. അതിനിടെ സൈനിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിക്കുന്ന മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനെ രാജ്യത്തെത്തിക്കാനുളള ശ്രമം തുടങ്ങി. ഗുലനെ അമേരിക്ക വിട്ടുതരണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. അട്ടിമറിക്ക് പിന്നില്‍ ഫത്ഹുല്ല ഗുലന്‍ പ്രവര്‍ത്തിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്നാണ് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മറുപടി നല്‍കിയത്. അട്ടിമറി ശ്രമത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഹിസ്മത്ത് ഗ്രൂപ്പിന്റെ മേധാവിയും തുര്‍ക്കിയില്‍ വന്‍ സ്വാധീനമുള്ള പണ്ഡിതനുമായ ഫത്ഹുല്ലാ ഗുലന്‍ വ്യക്തമാക്കുന്നു. രാഷ്ട്രത്തിന്റെ ദുര്യോഗത്തില്‍ ദുഃഖിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പുതിയ സംഭവവികാസങ്ങളെ ഗുലനെതിരെ തിരിച്ചു വിടാനുള്ള ശ്രമമാണ് ഉര്‍ദുഗാന്‍ നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. മാത്രമല്ല, അട്ടിമറി ഉര്‍ദുഗാന്‍ സൃഷ്ടിച്ച നാടകമായിരുന്നുവെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

അതിനിടെ, അട്ടിമറിയില്‍ പങ്കെടുത്ത 6,000 പേരെ അറസ്റ്റ് ചെയ്തതായി നീതിന്യായ മന്ത്രി ബാകിര്‍ ബുസ്ദാഗ് പറഞ്ഞു. ശുദ്ധീകരണ പ്രക്രിയ തുടരുകയാണ്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പെടും. ഡെന്‍സ്‌ലി പ്രവിശ്യയില്‍ മാത്രം അമ്പതിലധികം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ നല്‍കുന്ന കാര്യം പാര്‍ലിമെന്റ് പരിഗണിക്കുമെന്ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നുറപ്പാണ്. അട്ടിമറിയെ “ദൈവത്തിന്റെ സമ്മാന”മെന്ന് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. തനിക്കെതിരെ വിമതസ്വരമുയര്‍ത്തുന്ന മുഴുവന്‍ പേരെയും അടിച്ചമര്‍ത്താനുള്ള അവസരമായി ഇതിനെ ഉപയോഗുക്കുമെന്നതിന്റെ തെളിവാണ് ഈ പ്രയോഗമെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
2839 സൈനികരെ ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ഇനിയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം വ്യക്തമാക്കിയിരുന്നു. അട്ടിമറിക്കാര്‍ക്കൊപ്പമാണെന്ന് ആരോപിച്ച് തുര്‍ക്കിയിലെ വിവിധ കോടതികളിലെ 2745 ജഡ്ജിമാരെയും പിരിച്ചുവിട്ടിട്ടുണ്ട്. തുര്‍ക്കിയുടെ ഭരണഘടനാ കോടതിയിലെ രണ്ട് ജഡ്ജിമാരടക്കം 12 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
തേഡ് ആര്‍മി കമാന്‍ഡര്‍ എര്‍ദല്‍ ഒസ്തുര്‍ക്ക് ഉള്‍പ്പെടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒസ്തുര്‍ക്കാണ് മുഖ്യ സൂത്രധാരന്മാരില്‍ ഒരാളെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. ഇനിയുമൊരു അട്ടിമറി നീക്കമുണ്ടായേക്കാമെന്ന ഭയമാണ് കൂടുതല്‍ അറസ്റ്റിലേക്ക് സര്‍ക്കാറിനെ നയിക്കുന്നത്.
അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര പാര്‍ലിമെന്റ് യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും അട്ടിമറി ശ്രമത്തെ ഐകകണ്‌ഠ്യേന അപലപിച്ചു. നാല് പാര്‍ട്ടികള്‍ക്കാണ് പാര്‍ലിമെന്റില്‍ പ്രാതിനിധ്യമുള്ളത്.

 

Latest