Connect with us

National

പാര്‍ലിമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Published

|

Last Updated

ന്യൂഡല്‍ഹി:പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. സഭാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹകരണം തേടി സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്നലെ ഡല്‍ഹിയില്‍ നടന്നു. സുപ്രധാനമായ ബില്ലായ ഏകീകൃത ചരക്കുസേവന നികുതി (ജി എസ് ടി) ബില്‍ പാസ്സാക്കുന്നതിന് പ്രധാനമന്ത്രി പ്രതിപക്ഷ കക്ഷികളുടെ സഹകരണം യോഗത്തില്‍ ആവശ്യപ്പെട്ടു. ജി എസ് ടി ബില്‍ ദേശീയ പ്രധാന്യമുള്ളതാണെന്നും ഏത് സര്‍ക്കാറിനാണ് അതിന്റെ അംഗീകാരം ലഭിക്കുന്നവെന്ന പ്രശ്‌നമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു. ജി എസ് ടി ഉള്‍പ്പെടയുള്ള പ്രധാന്യമേറിയ ബില്ലുകള്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും അര്‍ഥവത്തായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബില്‍ പസ്സാക്കുന്നത് തടയുന്നതിന് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ബില്ലിന്റെ ഗുണദോഷത്തിന്റെ അടിസ്ഥാനത്തിലാകും പിന്തുണ. ജനങ്ങളുടെ പിന്തുണയുള്ള അവരുടെ വളര്‍ച്ചക്കാവശ്യമായ ബില്ലുകളെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും. കോണ്‍ഗ്രസിന്റെ സഹായത്തോടെ ബില്‍ പാസ്സാക്കാനാണ് ശ്രമം.
അതേസമയം, കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ഒത്തുകളി അനുവദിക്കില്ലെന്ന് സി പി എമ്മും സാമാജ്‌വാദി പാര്‍ട്ടിയും യോഗത്തില്‍ പറഞ്ഞു. ബില്‍ പാസ്സാക്കുന്നതിന് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.