മധ്യപ്രദേശില്‍ കനത്തമഴ: മരണം 35 ആയി

Posted on: July 18, 2016 12:13 am | Last updated: July 17, 2016 at 11:38 pm
SHARE

rain floodഭോപാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ 35 പേര്‍ മരിച്ചതായി അധികൃതര്‍. ഒമ്പത് പേരെ കാണാതായെന്നും ആയിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ട്. മൂന്ന് ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. എട്ടായിരമാളുകള്‍ വീടുകള്‍ വിട്ടൊഴിഞ്ഞു പോയി താത്കാലിക ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ 27 താത്കാലിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അധികൃതരുടെ കണക്കു പ്രകാരം 25000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മധ്യപ്രദേശിലെ 51 ജില്ലകളില്‍ 23 എണ്ണത്തിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുതല്‍ ഇന്നലെ വരെയായി പെയ്ത മഴയില്‍ 33 ജില്ലകളില്‍ ശരാശരിക്ക് മുകളില്‍ മഴ ലഭിച്ചു. 14 ജില്ലകളില്‍ ശരാശരി മഴയും നാല് ജില്ലകളില്‍ ശരാശരിക്ക് താഴെയുമായാണ് മഴ ലഭിച്ചത്.

ഭോപാലിലാണ് ഏറ്റവും നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇവിടെ അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. പന്നയിലും ജബല്‍പൂരിലും ഏഴ് പേര്‍ വീതം മരിച്ചു. കാണാതായ ഒമ്പത് പേരില്‍ അഞ്ച് യുവാക്കളാണ്. റീവ ജില്ലയിലെ തംസ നദിയിലാണ് ഇവരെ കാണാതായത്.