Connect with us

Editorial

ഷാ ഫൈസല്‍ പറഞ്ഞത്

Published

|

Last Updated

ചില ദേശീയ മാധ്യമങ്ങള്‍ കാശ്മീര്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കാശ്മീര്‍ വിദ്യാഭ്യാസ ഡയക്ടര്‍ ഷാ ഫൈസല്‍. പ്രത്യേക അജന്‍ഡയോടെ സത്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് ഇവ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. സൈനിക വെടിവെപ്പില്‍ മരിച്ചുവീഴുന്ന കാശ്മീരികളെ ചൊല്ലി രാജ്യം വേദനിക്കുമ്പോള്‍ ന്യൂസ് റൂമുകള്‍ വിഷം ചീറ്റി ക്രൂരതയില്‍ ആനന്ദം കണ്ടെത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സീന്യൂസ്, ആജ്തക്, ടൈംസ് നൗ തുടങ്ങിയ ചാനലുകള്‍ സത്യസന്ധമായി സമൂഹത്തോട് പറയില്ലെന്ന് തന്റെ സുഹൃത്തും സഹപ്രര്‍ത്തകനുമായ യാസീന്‍ ചൗധരി പറഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനികര്‍ വെടിവെച്ചുകൊന്ന ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫിര്‍ വാനി യുടെ ചിത്രത്തോടൊപ്പം ഫൈസലിന്റെയും ചിത്രം പ്രസിദ്ധീകരിച്ചു രണ്ട് പേരെയും തുല്യപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഫേസ്ബുക്കില്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. സിവില്‍ സര്‍വീസ് പരിക്ഷയില്‍ ഒന്നാം റാങ്ക് നേടി ശ്രദ്ധേയനായ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഷാ ഫൈസല്‍.

സ്വന്തം ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടും അക്രമണത്തിലൂടെയും സര്‍ക്കാര്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് സ്വന്തമായി മുറിവേല്‍പ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ വേദനയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഒളിച്ചോടുകയല്ല; അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. ഇല്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടവുമായി കൂടതല്‍ അകലുകയും അവരില്‍ വിദ്വേഷം ശതഗൂണീഭവിക്കുകയും ചെയ്യും. ഇത് സര്‍ക്കാറിന് തന്നെ തിരിച്ചടിയാകും.

കാശ്മീരില്‍ സൈന്യം കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ ദേശീയ മാധ്യമങ്ങള്‍ കണ്ണടക്കുകയാണ്. ഏറ്റുമുട്ടലെന്ന പേരില്‍ നിരപരാധികളെ വേട്ടയാടുന്നതും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും കൗമാരക്കാരെയടക്കം കൊന്നൊടുക്കുന്നതും അവര്‍ക്ക് വാര്‍ത്തയല്ല. കാശ്മീരികള്‍ നടത്തുന്ന സമാധാനപരമായ സമരങ്ങള്‍ പോലും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഐ എസ് ഐ നിയന്ത്രിക്കുന്ന ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങളാണ് അവരുടെ ഭാഷയില്‍. പെല്ലറ്റ് ഗണ്ണുകള്‍ പോലെയുള്ള ആയുധങ്ങളാണ് കാശ്മീരിലെ പ്രക്ഷോഭങ്ങളെ നേരിടാന്‍ പോലീസും സൈന്യവും ഉപയോഗിക്കുന്നത്. ഒരു ഗണ്‍ പൊട്ടിച്ചാല്‍ ചുറ്റിലുമുള്ള നൂറുകണക്കിന് ആളുകളുടെ ശരീരത്തിലേക്ക് തുളച്ചുകയറുന്ന ആയുധമാണിത്.

ശരീരത്തിലെ മൃദുലഭാഗങ്ങളിലെല്ലാം തുളഞ്ഞു കയറുന്ന പെല്ലറ്റ് ഗണ്ണുകള്‍ കണ്ണുകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അവ കണ്ണിലെ കോശങ്ങള്‍ക്ക് ഗുരുതരമായ പരുക്കേല്‍പ്പിക്കുന്നു. ഇതുകൊണ്ട് പരിക്കേറ്റ ഒരാളുടെയും കാഴ്ച ശക്തി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ സേന ഉപയോഗിക്കുന്ന അതിമാരകമായ പെല്ലറ്റ് ഗണ്‍ ഇന്ത്യന്‍ സേന സ്വന്തം ജനതക്ക് നേരെയാണ് ഉപയോഗിക്കുന്നത്.

നിലവിലെ ഭരണകക്ഷിയായ പി ഡി പി അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ രംഗത്ത് വന്നതാണ്. ആംനസ്റ്റി ഇന്റര്‍ നാഷനലും ഇതിന്റെ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാശ്മീരില്‍ സൈന്യവും പോലീസും ഇപ്പോഴും അത് വ്യാപകമായി ഉപയോഗിക്കുന്നു. നൂറുകണക്കിന് കാശ്മീരി യുവാക്കള്‍ക്ക് ഇത് മുലം കാഴ്ച നഷ്ടമാകുകയും മാരകമായ പരുക്കേല്‍ക്കുകയും ചെയ്യുന്നു. ഇത്തരം വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രക്ഷോഭകാരികള്‍ നടത്തുന്ന കല്ലേറ് കൊടിയ തീവ്രവാദമാണ്.

കാശ്മീരില്‍ പ്രക്ഷോഭ രംഗത്തുള്ളവര്‍ ഒന്നടങ്കം തീവ്രവാദികളും പോലീസ്, സൈനിക വെടിവെപ്പില്‍ മരണപ്പെട്ട 37 പേരും കൊല്ലപ്പെടേണ്ടവര്‍ തന്നെയുമാണെന്നാണ് അര്‍ണബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, സി പി എം കേന്ദ്രകമ്മിറ്റി അംഗവും കാശ്മീര്‍ നിയമസഭാ അംഗവുമായ മുഹമ്മദ് യൂസുഫ് തരിഗാമി അഭിപ്രായപ്പെട്ടത് പോലെ, കാശ്മീര്‍ ജനത പൊതുവേ സമാധാന പ്രിയരാണ്.

സൈനിക അതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ ചൊല്ലി കാശ്മീരികളെ മൊത്തം തീവ്രവാദികളായി ചിത്രീകരിക്കുന്നത് കണ്ണടച്ചു ഇരുട്ടാക്കലാണ്. ബുര്‍ഹാനിയുടെ വധത്തെ തുടര്‍ന്നുളവായ സംഘര്‍ഷാവസ്ഥക്കിടയിലും അമര്‍നാഥ് യാത്ര സമാധാനമായി നടന്നതും അതിലെ ഒരു യാത്രക്കാരനും അക്രമിക്കപ്പെട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭരണകൂടത്തിന്റെ നയവൈകല്യങ്ങളുടെ ഫലമായി കാശ്മീരി ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന അനീതികള്‍ക്കും കാശ്മീരികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക്് നേരെയുള്ള കേന്ദ്രത്തിന്റെ അനാഭിമുഖ്യത്തിനും എതിരെയാണ് അവരുടെ പ്രക്ഷോഭം. ഇതെങ്ങനെയാണ് തീവ്രവാദവും ഭീകരതയുമാകുന്നത്? ഇത്തരം അപഹാസ്യമായ നിലപാടുകളാണ് വിഘടന പ്രസ്ഥാനങ്ങളുടെ പിറവിക്കും കാശ്മീരികള്‍ക്കിടയില്‍ അവക്ക് വേരോട്ടം ലഭിക്കാനും സാഹചര്യമൊരുക്കുന്നത്.

Latest