Connect with us

National

കാശ്മീരില്‍ രണ്ടായിരം സൈനികരെ വിന്യസിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന കാശ്മീരില്‍ കൂടുതല്‍ സി ആര്‍ പി എഫ് ജവാന്മാരെ വിന്യസിക്കുന്നു. രണ്ടായിരം അര്‍ധ സൈനികരെയാണ് അധികമായി വിന്യസിക്കുന്നത്. ഇരുപത് കമ്പനി സി ആര്‍ പി എഫ് ജവാന്മാര്‍ കാശ്മീര്‍ താഴ്‌വരയിലേക്ക് തിരിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ പോലീസ് സേനയെ സഹായിക്കുന്നതിനായി എണ്ണൂറ് സി ആര്‍ പി എഫ് ജവാന്മാരെ നേരത്തെ തന്നെ അധികമായി വിന്യസിച്ചിരുന്നു.

ഹിസ്ബുല്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചതിനു പിന്നാലെയാണ് കാശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്. 39 പേര്‍ ഇതുവരെ കൊല്ലപ്പെടുകയും 1,500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, കര്‍ഫ്യൂ നിലനില്‍ക്കുന്ന കാശ്മീര്‍ താഴ്‌വരയില്‍ പത്രങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. കഴിഞ്ഞ ദിവസം പത്ര സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയും അച്ചടിച്ച പത്രക്കെട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കാശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡിറ്റര്‍മാരും പ്രിന്റിംഗ്- പബ്ലിഷര്‍മാരും പ്രത്യേക യോഗം ചേര്‍ന്നു.

Latest