ക്ലിനിക്കില്‍ വിദ്യാര്‍ഥിനിക്ക് പീഡനം: മെഡി. കോളജ് റിട്ട. പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Posted on: July 17, 2016 11:32 pm | Last updated: July 17, 2016 at 11:32 pm
SHARE

കോഴിക്കോട്: ക്ലിനിക്കില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് അടുത്തിടെ റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണനെയാണ് അറസറ്റ് ചെയ്തത്.

ഡോക്ടര്‍ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കിയിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നല്ലളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പലായി വിരമിച്ച ഡോ. പി വി നാരായണന്‍ പന്തീരാങ്കാവിന് സമീപം കുന്നത്തുപാലത്തുള്ള തന്റെ വീട്ടില്‍ ക്ലിനിക്ക് നടത്തുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ ചുമത്തിയാണ് കേസ്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.