Connect with us

Kerala

മുന്നണി മാറ്റം ആലോചനയിലില്ല, യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശനം: കെ.എം മാണി

Published

|

Last Updated

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ആലോചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാമാണെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശനമാണെന്നും കെ.എം മാണി പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ അതിനുള്ളില്‍ പലതരത്തിലുളള ചര്‍ച്ചകള്‍ നടക്കും. അതിനെ ആത്മവിമര്‍ശനമായിട്ട് മാത്രം കണ്ടാല്‍ മതി. മുന്നണി വിടാനുളള സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയത് ആശ്വാസത്തിന് വേണ്ടിയാണ്. എല്ലാവര്‍ക്കുമുള്ള മറുപടിയാണ് തിരഞ്ഞെടുപ്പില്‍ പാലായിലെ ജനങ്ങള്‍ നല്‍കിയത്. 13 വര്‍ഷമായി തന്നെ ജനങ്ങള്‍ നിയമസഭയിലേക്ക് ജയിപ്പിക്കുന്നു. നല്ല സഹനശക്തിയുള്ള പാര്‍ട്ടിയാണിത്.

അന്‍പത് വര്‍ഷത്തിനിടെ ഒട്ടേറെ ഇടി ലഭിച്ചിട്ടുണ്ട്. ഇടി കിട്ടുംതോറും തഴച്ചുവളര്‍ന്ന ചരിത്രമാണുള്ളതെന്നും കെ.എം.മാണി പറഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നു കെ.എം. മാണി നേരത്തെ പറഞ്ഞിരുന്നു. യോഗത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ അത് യുഡിഎഫിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം നേരത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും യുഡിഎഫ് വിടണമെന്നും കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെയും, പി.ജെ ജോസഫിനെയും യോഗം ചുമതലപ്പെടുത്തിയതായുളള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയൊക്കെ തള്ളിക്കളയുന്നതായിരുന്നു കെ.എം മാണിയുടെ പത്രസമ്മേളനം.

യുഡിഎഫ് വഞ്ചകരുടെ ഒരു കൂട്ടമായി. കെ.എം മാണിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് പല സമയത്തും സ്വീകരിച്ചത്. ബജറ്റിന്റെ കാര്യത്തില്‍ പോലും കോണ്‍ഗ്രസ് മാണിയെ കുറ്റപ്പെടുത്തി. അതേസമയം ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ തോമസ് ഐസക്കിന്റെ ബജറ്റിനെ കോണ്‍ഗ്രസ് വെറുതെ വിടുകയും ചെയ്‌തെന്ന ആരോപണങ്ങളാണ് പ്രധാനമായും സ്റ്റിയറിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.

Latest