Connect with us

Gulf

ഫേസ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം; മലയാളിയെ ദോഹ കോടതി ശിക്ഷിച്ചു

Published

|

Last Updated

ദോഹ: ജോലി ചെയ്തിരുന്ന കമ്പനിയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മലയാളി യുവാവിനെ ദോഹ കോടതി ശിക്ഷിച്ചു. ദോഹയിലെ ഒരു നിര്‍മാണ കമ്പനി തൊഴിലാളിയാണ് ശിക്ഷിക്കപ്പെട്ടത്. 10,000 റിയാല്‍ പിഴയടക്കാനാണ് പെരുമാറ്റദൂഷ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദോഹ മിസ്‌ഡെമിയനര്‍ കോടതിയുടെ ഉത്തരവ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സൈബര്‍ കേസില്‍ ഖത്വറില്‍ ശിക്ഷിക്കപ്പെടുന്നതെന്നാണ് വിവരം.

പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ 2015 ഡിസംബര്‍ 21നാണ് കമ്പനി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ഒരേ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍, ട്രേഡിംഗ് കമ്പനികളിലൊന്നില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ടു സ്ഥാപനങ്ങള്‍ക്കുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്. തെളിവിനായി മലയാളത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ നിയമപ്രകാരം സാക്ഷ്യപ്പെടുത്തിയ അറബിക് തര്‍ജ്ജുമയും കമ്പനി കോടതിയില്‍ ഹാജരാക്കിയിരുന്നു. കമ്പനിക്കെതിരായ പരാമര്‍ശങ്ങള്‍ കേരളത്തില്‍ നിന്നുള്ള പാവപ്പെട്ട ഒരു തൊഴിലാളി തന്നോടു പറഞ്ഞകാര്യമെന്ന നിലയിലാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കമ്പനിയുടെ തട്ടിപ്പിനിരയായ പലരിലൊരാളാണ് തനിക്ക് ഈ വിവരങ്ങള്‍ തന്നതെന്നും ഫെയ്‌സ്ബുക്കിലിട്ടിരുന്നു. കമ്പനിജീവനക്കാരനായിരിക്കെ അക്കാര്യം മറച്ചുവച്ച് മറ്റൊരാള്‍ പറഞ്ഞതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് കമ്പനിയെയും ഉടമകളേയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന വ്യക്തമമായ ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ഈ മേയ് 15ന് കേസ് പരിഗണിച്ച കോടതി പ്രതിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷാവിധിച്ചത്.

Latest