Connect with us

Eranakulam

അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എക്‌സൈസ് റെയ്ഡ്, നാലായിരം കിലോ ലഹരി വസ്തുക്കള്‍ പിടികൂടി

Published

|

Last Updated

കൊച്ചി: എറണാകുളം ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടികൂടി. ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ് ഹെറോയിന്‍ എന്നിവയാണ് പിടികൂടിയതെന്ന് എക്‌സൈസ് കമ്മിഷണര്‍ ഡി.ജി.പി: ഋഷിരാജ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാലായിരം കിലോയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പാന്‍മസാലകളുടെ വില്‍പന കേരളത്തില്‍ പൂര്‍ണമായും നിരോധിക്കും. കുട്ടികളാണ് കൂടുതലായും പാന്‍മസാല ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആറു മണിക്ക് ആരംഭിച്ച റെയ്ഡില്‍ 21 പേരെ കസ്റ്റഡിയിലെടുത്തു. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനാണ് ഇവരെ പിടികൂടിയിരിക്കുന്നത്. റെയ്ഡില്‍ പാന്‍, ബീഡി തുടങ്ങിയവയ്ക്ക് പുറമെ കഞ്ചാവും ബ്രൗണ്‍ഷുഗറും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരമാണ് പലയിടത്തുമുള്ളത്.

പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ക്യാമ്പുകള്‍ക്ക് പുറമെ സമീപത്തെ കടകളിലും പരിശോധന നടത്തി. പെരുമ്പാവൂരിലെ നാലു ഗോഡൗണുകളില്‍നിന്ന് രണ്ടായിരം കിലോ ബീഡി പിടിച്ചെടുത്തു. മുര്‍ഷിദാബാദില്‍നിന്ന് കടത്തിയ ബീഡി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഗോഡൗണ്‍ ഉടമയായ മലയാളിയെ അറസറ്റു ചെയ്തു.

ഇരുപത്തി രണ്ട് സംഘങ്ങളായാണ് എക്‌സൈസ് റെയ്ഡിനെത്തിയത്. എക്‌സൈസിനൊപ്പം പൊലീസും റെയ്ഡില്‍ പങ്കെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കേരളത്തില്‍ നിരോധിച്ച ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.

Latest