തീവ്രവാദ-നക്‌സല്‍ ഭീഷണി: നടപടിക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Posted on: July 17, 2016 10:36 am | Last updated: July 17, 2016 at 10:36 am
SHARE

chief ministersന്യൂഡല്‍ഹി: രാജ്യം നേരിടുന്ന തീവ്രവാദ-നക്‌സല്‍ ഭീഷണി നേരിടാന്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനാന്തര കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പുതിയ ഭീഷണികളുടെ പശ്ചാതലത്തില്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും വികസനം സാധ്യമാകുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സംയുക്ത സംസ്ഥാന വ്യവസ്ഥിതികള്‍ സംരക്ഷിക്കുന്നതിനപ്പുറം രാഷ്ട്രത്തിലെ പൗരന്‍മാരുടെ ശോഭനമായ ഭാവിക്ക് കൂടി മുന്‍ഗണന നകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബസ്തര്‍ അടക്കമുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ സുരക്ഷാ സേനയുടെ നടപടികള്‍ ശക്തമാക്കിയതോടെ മാവോയിസ്റ്റുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നും യോഗത്തിന്റെ ചര്‍ച്ചാരേഖയിലുണ്ട്.

പതിനാലാം ധനകാര്യ കാര്യ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്ത് സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. നിര്‍ബന്ധിത വനവത്കരണ ഫണ്ടില്‍ നിന്ന് 40,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നതെന്നും മോദി യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച ബില്ല് വര്‍ഷകാലസമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും മോദി സംസ്ഥാനങ്ങളെ അറിയിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീഷണിയും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. ചരക്ക് സേവന നികുതി, സ്‌കൂള്‍ വിഭ്യാദ്യാസം, സബ്‌സിഡി വിതരണം, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കല്‍, ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍, ആഭ്യന്തര സുരക്ഷ എന്നിവയാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്നതിന് എം എം പുഞ്ചി കമ്മിഷന്‍ നല്‍കിയ ശിപാര്‍ശകളും യോഗത്തില്‍ ചര്‍ച്ചചെയ്തു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. 1990 ല്‍ രൂപംകൊണ്ട ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഒരു പതിറ്റാണ്ടിന് ശേഷം ആദ്യ യോഗമാണ് ഇന്നലെ ചേര്‍ന്നത്.