അറിവിന്റെ ആദ്യാക്ഷരം കുറിച്ച് മദ്‌റസകളില്‍ പ്രവേശനോത്സവം

Posted on: July 17, 2016 10:32 am | Last updated: July 17, 2016 at 10:32 am
SHARE

madrasaകോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് മദ്‌റസകളില്‍ വിദ്യാരംഭം. സംസ്ഥാനത്തെ വിവിധ മദ്‌റസകളില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്നലെ പ്രവേശനോത്സവത്തില്‍ പങ്കാളികളായത്. മധുരം നല്‍കിയും പാഠ പുസ്തകം വിതരണം ചെയ്തും മദ്‌റസകളില്‍ പുതുതായെത്തിയവരെ വരവേറ്റു. പ്രവേശനോത്സവത്തിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കി.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എസ് എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കാന്തപുരം മഅ്ദനുല്‍ ഉലൂം മദ്‌റസയില്‍ നടന്ന സംസ്ഥാനതല മദ്‌റസാ പ്രവേശനോത്സവത്തില്‍ (ഫത്‌ഹേ മുബാറക്) സയ്യിദ് അലി ബാഫഖി തങ്ങള്‍ ആദ്യാക്ഷരം കുറിച്ചു.
ധാര്‍മിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇന്നത്തെ അപചയങ്ങള്‍ക്ക് കാരണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം മുന്നോട്ട് വെക്കുന്ന മദ്‌റസകള്‍ രാജ്യസേവനമാണ് ചെയ്യുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് പറഞ്ഞു. മദ്‌റസകളിലൂടെ പുറത്തെത്തുന്നവര്‍ നന്മ നിറഞ്ഞ സംസ്‌കാരമാണ് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത്. ആര്‍ക്കും മാതൃകയാക്കാവുന്ന പാഠ്യപദ്ധതിയാണ് സുന്നികളുടേതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന സക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്‌ല്യാര്‍, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദലി കിനാലൂര്‍, വി പി എം വില്യാപ്പള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍ അവേലം, എ കെ സി മുഹമ്മദ് ഫൈസി, സി എം യൂസുഫ് സഖാഫി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ല്യാര്‍ ചെറൂപ്പ, ഉബൈദുല്ല സഖാഫി, റിയാസ് വടകര സംബന്ധിച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ ലൈബ്രറി ഉദ്ഘാടനവും അബൂഹനീഫല്‍ ഫൈസി തെന്നല സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.