സൗജന്യ വൈ ഫൈയും മിനി മാര്‍ടും; ദുബൈയില്‍ 100 ബസ് ഷെല്‍ട്ടറുകള്‍ സ്മാര്‍ടായി

Posted on: July 16, 2016 2:42 pm | Last updated: July 21, 2016 at 7:55 pm
SHARE

a2ab6f_922b9dd4f69346239e86f471b268564cദുബൈ: എമിറേറ്റിലെ 100 ബസ് ഷെല്‍ട്ടറുകള്‍ സ്മാര്‍ടായി. ഓരോ ബസ് ഷെല്‍ട്ടറിലും ഇനിമുതല്‍ 100 സൗജന്യ വൈഫൈ, സ്മാര്‍ട് കിയോസ്‌ക്, മിനി മാര്‍ട് തുടങ്ങിയവയുണ്ടാകും. അടുത്ത ഘട്ടത്തില്‍ നാനൂറില്‍ കൂടുതല്‍ ബസ് ഷെല്‍ട്ടറുകള്‍ സ്മാര്‍ടാക്കാനാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ ലക്ഷ്യം.
സ്മാര്‍ട് ഷെല്‍ട്ടറുകളുടെ സേവനത്തെക്കുറിച്ച് ഉപഭോക്താക്കളുടെ പ്രതികരണം ആരായുമെന്നും കൂടുതല്‍ ഷെര്‍ട്ടറുകള്‍ സ്മാര്‍ടാക്കാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു.
പൂര്‍ണ ശീതീകരണ സംവിധാനം, സൗജന്യ വൈ ഫൈ, ദാഹ ശമനത്തിനും മറ്റുമുള്ള ഉത്പന്നങ്ങള്‍ ലഭിക്കുന്ന ചെറിയ ഔട്‌ലെറ്റ്, ബസുകളുടെ സമയവും റൂട്ടും അറിയുന്നതിനും നോള്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യുന്നതിനുള്ള കിയോസ്‌ക്, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം എന്നിവയുള്ള സ്മാര്‍ട് ബസ് ഷെല്‍ട്ടര്‍ എന്ന ആശയം 2015ലെ ജൈറ്റക്‌സിലായിരുന്നു അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജുമൈറയിലാണ് ആദ്യ സ്മാര്‍ട് ഷെല്‍ട്ടര്‍ ആരംഭിച്ചത്. ഫെബ്രുവരി അവസാനത്തോടെ സ്മാര്‍ട് ഷെല്‍ട്ടറുകളുടെ എണ്ണം 25 ആക്കി.
സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സ്മാര്‍ട് സേവനങ്ങളും പ്രവര്‍ത്തനങ്ങളും വളര്‍ത്തിയെടുക്കാന്‍ ആര്‍ ടി എക്ക് ഒരു നിക്ഷേപ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായാണ് നൂറ് കേന്ദ്രങ്ങളിലുള്ള ഷെല്‍ട്ടറുകള്‍ സ്മാര്‍ടാക്കി മാറ്റിയതെന്ന് യൂസുഫ് അല്‍ അലി കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ 15 ഡിസ്ട്രിക്ടുകളില്‍നിന്നായി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന 656 ബസ് ഷെല്‍ട്ടറുകള്‍ പൂര്‍ണമായും ശീതീകരിക്കാനായി തിരഞ്ഞെടുത്തു. യാത്രക്കാരുടെ എണ്ണവും സുരക്ഷിതത്വവും പരിഗണിച്ചാണ് ഇവ തിരഞ്ഞെടുത്തത്. ശൈഖ് സായിദ് റോഡ്, അല്‍ വാസല്‍, ജുമൈറ, ദേര, ഉമ്മു റുമൂല്‍, അല്‍ ഖൂസ്, റാശിദിയ്യ, ഖിസൈസ്, അവീര്‍, അല്‍ നഹ്ദ, സത്‌വ, കറാമ, അല്‍ റാസ്, ഗര്‍ഹൂദ്, ജാഫിലിയ്യ തുടങ്ങിയവിടങ്ങളിലെ ഷെല്‍ട്ടറുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ), ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഫിവ) എന്നിവയുടെ ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടക്കല്‍, മൊബൈല്‍ ഫോണ്‍ ബാലന്‍സ് ടോപ് അപ്, വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍ എന്നീ സേവനങ്ങളും സ്മാര്‍ട് ഷെല്‍ട്ടറുകളിലൂടെ നടത്താനാകും. പുതിയ നോള്‍ കാര്‍ഡുകളും ഇവിടെ നിന്ന് സ്വന്തമാക്കാം.
ഒരു ഉപഭോക്താവിന് 20 മിനിറ്റ് നേരത്താക്കാണ് സൗജന്യ വൈഫൈ ലഭിക്കുക. ബസ് കാത്തുനില്‍ക്കുന്നതിനുള്ള ശരാശരി സമയ പരിധി അടിസ്ഥാനമാക്കിയാണ് സൗജന്യ വൈഫൈ സേവനം നല്‍കുന്നത്. കൂടുതല്‍ സമയം സൗജന്യമായി വൈഫൈ നല്‍കിയാല്‍ ബസിന് കാത്തുനില്‍ക്കാത്തവരും ഷെല്‍ട്ടറുകളിലെത്തുമെന്നതിനാലാണ് സമയം നിശ്ചയിച്ചതെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ അറിയിച്ചു.
വൈഫൈയുടെ സൗജന്യ സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ വൈഫൈ യു എ ഇയുടെ വെബ്‌സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ ഡിയും എന്റര്‍ ചെയ്യണം. തുടര്‍ന്ന് വൈ ഫൈ കണക്ട് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഡു ആണ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്.