Connect with us

Articles

'ബോസ് ഫറസിന്റെ ഭാഗ്യം' തുർക്കി നൽകുന്ന ജനാധിപത്യ പാഠം

Published

|

Last Updated

തുർക്കിയും അറേബ്യയുമടങ്ങുന്ന മിനാറ്റ് മേഖല രാത്രിയുറക്കത്തിലേക്ക് തെന്നിവീഴുന്ന സമയത്താണ് തുർക്കിയിൽ സൈന്യം അധികാരം പിടിച്ചെടുത്തുവെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നത്. ഇസ്താംബൂളിലെ തെരുവുകൾ പട്ടാള നിയന്ത്രണത്തിലാണെന്നും വിമാനത്താവളവും പാലങ്ങളും സൈന്യം അടച്ചുവെന്നും അന്താരാഷ്ട്ര യാത്രികരടക്കം ആയിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുകയാണെന്നും വാർത്തയുടെ വിശദാംശങ്ങളിൽ നിറഞ്ഞു. തെരുവുകളിൽനിന്ന് പൊതുജനം ഓടിമറഞ്ഞുവെന്നും പ്രസിഡന്റ് ത്വയ്യിപ് ഉർദുഖാന്റെ വിമാനം വിമത സൈനികർ തടഞ്ഞിരിക്കുന്നുവെന്നും വാർത്തകളിലുണ്ടായിരുന്നു.
തുർക്കിയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതായും കർഫ്യൂ നടപ്പാക്കിയതായും ടെലിവിഷനിലൂടെ വിമത സൈനികരുടെ സംഘമായ പീസ് കൗൺസിലും അറിയിച്ചിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷനും പത്രവും വിമത സൈന്യം പിടിച്ചെടുത്ത വാർത്ത തോക്കിൻ കുഴലിനു മുമ്പിൽ കൈയുയർത്തി നിൽക്കുന്ന ജീവനക്കാരുടെ ചിത്രം സഹിതം ബ്രേക്കിംഗ് ന്യൂസുകളിൽ നിറഞ്ഞു. നിരവധി ആളുകളെ വിമത സൈന്യം വധിച്ചുവെന്നും കണക്കുകൾ പുറത്തുവന്നു.
എന്നാൽ മിനാറ്റ് മേഖല ഉറക്കമുണർന്നപ്പോഴേക്ക് സ്ഥിതിഗതികൾ മാറിയിരുന്നു.
ഏതാനും മണിക്കൂറുകൾക്കകം തന്നെ സ്ഥിതിഗതികൾ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ രാജ്യത്തെ ജനകീയ സർക്കാരിനും ജനങ്ങൾക്കുമായി. ജനകീയ ഭരണകൂടത്തെ അട്ടിമറിക്കാൻ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ നീക്കത്തെ പ്രതിരോധിക്കണമെന്ന പ്രസിഡന്റ് തയ്യിപ് ഉർദുഖാന്റെ ആഹ്വാനപ്രകാരം ജനങ്ങൾ തെരുവിലിറങ്ങിയതുകൊണ്ടാണ് മണിക്കൂറുകൾകൊണ്ട് പ്രതിവിപ്ലവത്തിന്റെ വലിയൊരു സന്ദേശം ലോകത്തിന് നൽകാൻ തുർക്കിക്ക് സാധിച്ചത്. വീടു വിട്ടിറങ്ങി തെരുവിലെത്തിയ ജനം വിമത സൈന്യത്തിന്റെ തോക്കിനും ടാങ്കറുകൾക്ക് മുമ്പിലും പ്രതിഷേധത്തിന്റെ തീജ്വാല പണിതു. സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു അക്കൂട്ടത്തിലും. കുട്ടികളും വൃദ്ധരുമുണ്ടായിരുന്നു. ദൈവിക വചനങ്ങളുയർന്ന അവരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന വാക്യങ്ങൾക്ക് വിമത സൈനികരുടെ വെടിയൊച്ചകളേക്കാൾ തീവ്രതയുണ്ടായിരുന്നു. പട്ടാളത്തിന്റെ അത്യാധുനിക ആയുധങ്ങൾ ഈ പ്രതിരോധത്തിന് മുന്നിൽ തളർന്നുവീണു. അവരുടെ ഇച്ഛാശക്തിക്കു മുമ്പിൽ വിമത സൈന്യത്തിന്റേയും പിന്നിൽ പ്രവർത്തിച്ചവരുടെയും സകല കണക്കുകൂട്ടലുകളും തകരുകയായിരുന്നു.
ത്വയ്യിപ് ഉർദുഖാൻ എന്ന തുർക്കിയുടെ നായകനെ ആ രാഷ്ട്രവും ജനങ്ങളും നൽകുന്ന സ്‌നേഹ വായ്പിന്റെ തെളിവായിരുന്നു കേവലം മണിക്കൂറുകൾകൊണ്ട് വിമത ശബ്ദമുയർത്തിയസൈന്യത്തിന്റെ ഒരു വിഭാഗത്തെ അടിയറവ് പറയിപ്പിച്ച ജനകീയ വിപ്ലവം. കേവലം മണിക്കൂറുകൾകൊണ്ട് അധികാരം ആ കൈകളിലേക്ക് തന്നെ തിരിച്ചേൽപ്പിക്കാൻ തെരുവിലിറങ്ങിയ ആ ജനക്കൂട്ടത്തിനായി.
പല അറബ് രാജ്യങ്ങളിലും ജനകീയ സമരങ്ങളിലൂടെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെട്ടപ്പോൾ തികച്ചും വ്യത്യസ്തമായൊരു പാഠം നൽകി തുർക്കി ലോകത്തിന് ചില സന്ദേശങ്ങൾ കൈമാറുകയാണ്. ഭരണകൂടവും ഭരണാധികാരിയും എങ്ങനെയാവണമെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു വായിക്കേണ്ട പാഠങ്ങൾ ഉർദുഖാനിൽനിന്ന് പഠിക്കാനുണ്ട്. അതാണ് ഈ നാലു മണിക്കൂറുകൾകൊണ്ട് തുർക്കി ലോകത്തിന് നൽകിയ പാഠം.

Latest