ഡിഫ്തീരിയ പ്രതിരോധ വാക്‌സിന് ജില്ലയില്‍ ക്ഷാമം

Posted on: July 16, 2016 12:17 pm | Last updated: July 16, 2016 at 12:17 pm
SHARE

പാലക്കാട്: ജില്ലയില്‍ ഡിഫ്തീരിയ (തൊണ്ടമുള്ള്) പ്രതിരോധ വാക്‌സിനു ക്ഷാമം. സര്‍ക്കാര്‍ തലത്തില്‍ വിതരണം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാര്‍ പോലും സ്വകാര്യ മരുന്നു വിതരണക്കാരില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കിയാണ് കുത്തിവെപ്പ് എടുക്കുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതലായി കുത്തിവയ്‌പെടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. മരുന്നുമൊത്ത വിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന വാക്‌സിന്‍ തീര്‍ന്നതോടെയാണ് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്. രോഗം സാധാരണമല്ലാത്തതിനാല്‍ ഡിഫ്തീരിയയ്‌ക്കെതിരെയുള്ള ടിഡി വാക്‌സിന്‍ ആരോഗ്യവകുപ്പ് നേരിട്ടു വിതരണം ചെയ്യുന്നില്ല.
രോഗം സ്ഥിരീകരിച്ച ജില്ലയില്‍ മരുന്നു ലഭ്യമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ജില്ലാ അതിര്‍ത്തിയായ കൊപ്പത്തിനു സമീപം മലപ്പുറം ജില്ലയില്‍ രോഗം കണ്ടെത്തിയിരുന്നു. തൊണ്ടവേദന, പനി, ചുമ എന്നിവയാണു രോഗ ലക്ഷണം. ലക്ഷണമുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്തി വാക്‌സിനേഷനു പ്രേരിപ്പിക്കുന്ന നടപടികളും പുരോഗതിയിലാണ്.