Connect with us

Palakkad

ഒളിമ്പിക്‌സ്: മെഡല്‍ പ്രതീക്ഷയോടെ മണ്ണാര്‍ക്കാട്ടുകാരന്‍

Published

|

Last Updated

കുഞ്ഞു മുഹമ്മദ്‌

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടുകാരന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പതാകക്ക് കീഴില്‍ മെഡല്‍ പ്രതീക്ഷയോടെ അണിനിരക്കും. കോട്ടോപ്പാടം പാറപ്പുറത്തെ പുത്തന്‍പുരക്കല്‍ വീട്ടില്‍ മുഹമ്മദ് – ഫാത്വിമ ദമ്പതികളുടെ മകന്‍ ഇരുപത്തൊമ്പത് കാരന്‍ കുഞ്ഞുമുഹമ്മദാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങുന്നത്.
ആഗസ്റ്റ് 5ന് ബ്രസീലില്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംബിക്‌സില്‍ 400മീറ്റര്‍ റിലെയില്‍ മത്സരിക്കാനാണ് കുഞ്ഞുമുഹമ്മദിനും സംഘത്തിനും അവസരം ലഭിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിലേക്ക് യോഗ്യത കിട്ടിയതറഞ്ഞ് കുടുംബാംഗങ്ങളും, നാട്ടുകാരും സുഹൃത്തുകളും കുഞ്ഞുമുഹമ്മദും സംഘവും വിജയിക്കണമെന്ന പ്രാര്‍ത്ഥനയിലാണ്. 207 രാജ്യങ്ങളില്‍ നിന്നായി വിവിധ മത്സരങ്ങളില്‍ 10500ല്‍പരം അത്‌ലറ്റുകളാണ് ബ്രസീലിലെ മര്‍ക്കാന സ്റ്റേഡിയത്തില്‍ മാറ്റുരക്കാനൊരുങ്ങുന്നത്. ബംഗളൂരുവില്‍ നടന്ന യോഗ്യതാ നിര്‍ണ്ണയത്തില്‍ 400മീറ്റര്‍ റിലെയില്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് കുഞ്ഞുമുഹമ്മദും സംഘവും റെക്കോര്‍ഡ് വേഗതയില്‍ യോഗ്യത നേടിയത്.
3.00009 മിനിറ്റിലാണ് കുഞ്ഞുമുഹമ്മദും സംഘവും സ്വപ്‌ന സാഫല്യത്തിലെത്തിയത്. മറ്റൊരു മലയാളി താരമായ മുഹമ്മദ് അനസും, തമിഴ്‌നാട്ടുകാരായ ആരോഗ്യ രാജ്, ധരുണ്‍ അയ്യസ്വാമി എന്നിവരാണ് സഹതാരങ്ങള്‍. മധ്യപ്രദേശിലെ ജപല്‍പൂരില്‍ ആര്‍മി ഉദ്ദ്യോഗസ്ഥനായ കുഞ്ഞുമുഹമ്മദിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2013, 2014 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത്, എഷ്യന്‍ ഗെയിമുകളില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തോടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.
കൂടാതെ 2001ലെ ലോക മിലിറ്ററി മേളയില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു.

Latest