Connect with us

Malappuram

ഡിഫ്തീരിയക്ക് പിന്നാലെ കോളറയും

Published

|

Last Updated

വളാഞ്ചേരി: കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലായി. കോളറ കണ്ടെത്തിയ വീടും പരിസരവും ഡി എം ഒ ഡോ. ഉമറുല്‍ ഫാറൂഖും സംഘവും പരിശോധന നടത്തി.
കുറ്റിപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. കുറ്റിപ്പുറത്തെ ബേങ്ക് ഉദ്യോഗസ്ഥനായ ഡേവിഡ്, ഭാര്യ ആനി, മക്കളായ ടിന്റോ, വിന്റോ എന്നിവരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടാതെ മൂന്ന് പേര്‍ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലും കഴിയുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ ഡയാലിസിസിന് വിധേയമായിട്ടുണ്ട്. എന്നാല്‍ രോഗം പിടിപ്പെട്ടത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച്ച രാവിലെ ഡി എം ഒ കോളറ ബാധിച്ച കുടുംബം താമസിച്ചിരുന്ന വീട്ടില്‍ സന്ദര്‍ശനം നടത്തി. സമീപ പ്രദേശങ്ങളിലുള്ള വീടുകളില്‍ നിന്നും വിവരങ്ങളും ശേഖരിച്ചു. വീട്ടിലെ കിണറിലെ വെള്ളവും പൈപ്പ് വെള്ളവും സാമ്പിളായി ശേഖരിച്ചിട്ടുണ്ട്. രോഗം ബാധിക്കുന്നതിന് മുന്‍പ് കുടുംബം ഭക്ഷണം കഴിച്ച ഹോട്ടലിലെ വെള്ളവും സാമ്പിളായി ശേഖരിക്കും.
ഇതിന്റെ ഫലം വരുന്നതോടെ രോഗം ഏത് മാര്‍ഗത്തിലൂടെയാണ് പിടിപ്പെട്ടതെന്ന് സ്ഥിരീകരിക്കാനാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഹോട്ടലുകളും കൂള്‍ബാറുകളും കേന്ദ്രീകരിച്ച് പരിശോധന വ്യാപിക്കും. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കോളറ പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ… അത്രക്കുണ്ട് മാലിന്യം

വളാഞ്ചേരി: കോളറ പിടിപെട്ടതില്‍ അത്ഭുപ്പെടാനില്ലാതെ കുറ്റിപ്പുറം. കുറ്റിപ്പുറത്തെ ടൗണിലും പരിസരങ്ങളിലും കുമിഞ്ഞ് കൂടിയ മാലിന്യവും കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളവും കണ്ടാല്‍ കോളറ പിടിപെട്ടില്ലെങ്കില്‍ അതിശയിക്കേണ്ട. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ടൗണിലൂടെ ഒഴുകുന്ന അഴുക്ക് ചാലില്‍ മലിന ജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകുന്നത് കുറ്റിപ്പുറത്തെ നിത്യ കാഴ്ചയാണ്. അഴുക്ക് ചാല്‍ നിറഞ്ഞ് മലിന ജലം പരന്നൊഴുകുകയും ജനങ്ങള്‍ക്ക് നടക്കാന്‍ പോലും കഴിയാതെ പ്രയാസം അനുഭവിക്കുകയും ചെയ്യന്നു. മഴക്കാലമായിട്ടുപോലും അധികൃതര്‍ ടൗണിലെ ഡ്രൈനേജുകള്‍ വൃത്തിയാക്കുകയോ വെള്ളം ഒഴുകിപോകുന്നതിനുള്ള തടസം നീക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. റെയില്‍ വേ സ്റ്റേഷനടക്കം ദിവസവും ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ടൗണാണ് കുറ്റിപ്പുറം. വൃത്തിഹീനമായ പരിസരമാണ് കുറ്റിപ്പുറത്തേത്. മാരകമായ കോളറ രോഗം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പിനും അധികൃതര്‍ക്കും നിസംഗതയാണിപ്പോഴും. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ടൗണില്‍ കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനോ ഓടകളിലൂടെ അഴുക്ക് വെള്ളം ഒഴുക്കിവിടുന്നതിനോ ഉള്ള സംവിധാനം ഇവിടെയില്ല. കുറ്റിപ്പുറം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിന്റെ അടുക്കള സ്ഥിതിചെയ്യുന്നത് ഈ മാലിന്യ കൂമ്പാരത്തിലാണ്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗം പിടിപ്പെട്ടതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതോടെപ്പം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടുലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest