എന്‍എസ്ജി: ഇന്ത്യക്കുടെ പ്രവേശനത്തിനു തടസം നില്‍ക്കുന്ന ചൈന നിലപാട് മയപ്പെടുത്തുന്നതായി സൂചന

Posted on: July 16, 2016 10:40 am | Last updated: July 16, 2016 at 12:00 pm
SHARE

ന്യൂഡല്‍ഹി: ആണവ വിതരണ അംഗത്വ (എന്‍എസ്ജി) സംഘത്തില്‍ ഇന്ത്യക്കുടെ പ്രവേശനത്തിനു തടസം നില്‍ക്കുന്ന ചൈന നിലപാട് മയപ്പെടുത്തുന്നതായി സൂചന. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ചൈന സൂചന നല്‍കി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലിയു ജിന്‍സംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വ വിഷയത്തില്‍ ഒരു രാജ്യം ബലംപിടുത്തം തുടരുകയാണെന്ന് ചൈനയെ സൂചിപ്പിച്ച് ഇന്ത്യ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ലിയു ജിന്‍സാംഗിനോട് ഒരു ഇംഗ്ലീഷ് മാധ്യമം ചോദിച്ചപ്പോള്‍ അത് കഴിഞ്ഞ മാസത്തെ കാര്യമാണെന്നും ആ രാജ്യം ചൈനയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നുമായിരുന്നു മറുപടി. എന്‍എസ്ജി പിരിമുറുക്കം നിലവിലെ സാഹചര്യത്തില്‍ അയഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി മുദ്രകുത്താനുള്ള യുഎന്‍ ശ്രമത്തെ ചൈന എതിര്‍ത്തിട്ടില്ലെന്നും ജിന്‍സാംഗ് വെളിപ്പെടുത്തി. മസൂദിനെക്കുറിച്ച് അധികമൊന്നും അറിയില്ലെന്നും അയാളെക്കുറിച്ച് അയാളുടെ ജന്മനാടാണ് അവസാന വാക്ക് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തില്‍ എത്തുന്നതാണ് ചൈനയ്ക്ക് സന്തോഷം. ഇന്ത്യയും പാക്കിസ്ഥാനും ചൈനയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ദുരിതം അനുഭവിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.