അലിയുടെ പിന്‍ഗാമിയാകാന്‍ ഷാകുര്‍ വരുന്നു

Posted on: July 16, 2016 9:25 am | Last updated: July 16, 2016 at 9:25 am
SHARE

riro2016റിയോയിലെ ബോക്‌സിംഗ് റിംഗില്‍ ഒരു പത്തൊമ്പതുകാരന്‍ എതിരാളിക്ക് മേല്‍ തകര്‍പ്പന്‍ ഇടി പാസാക്കുകയാണെങ്കില്‍ അയാളെ ഒന്ന് ശ്രദ്ധിച്ചോണം. പേര് ഷാകുര്‍ സ്റ്റീവെന്‍സന്‍ എന്നായിരിക്കും. അമേരിക്കന്‍ പതാകക്ക് കീഴില്‍ ബോക്‌സിംഗ് സ്വര്‍ണം ലക്ഷ്യമിടുന്ന ഷാകുറില്‍ നിന്ന് അത്ഭുതപ്രകടനം പ്രതീക്ഷിക്കാം. 2014 ല്‍ യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഷാകുറാണ് ബോക്‌സിംഗില്‍ അമേരിക്കയുടെ ഷുവര്‍ ബെറ്റ്.

ഷാകുര്‍
ഷാകുര്‍

അഞ്ചാം വയസില്‍ ബോക്‌സിംഗ് പരിശീലനം ആരംഭിച്ച ഷാകുറിനെ ഏറെ സ്വാധീനിച്ചത് ഫ്‌ലോയ്ഡ് മെയ്‌വെതറും ആന്ദ്രെ വാര്‍ഡുമാണ്.
ന്യൂജഴ്‌സിയിലാണ് കുടുംബം താമസിക്കുന്നത്. കുറച്ച് കാലമായി കലാപങ്ങളുടെ നഗരിയാണിവിടം. മോശം അന്തരീക്ഷമായിരുന്നു ചുറ്റുപാടും. എന്നാല്‍, എനിക്കെന്റെ ലക്ഷ്യം മാറ്റിവെക്കാന്‍ സാധിക്കുമായിരുന്നില്ല – ഷാകുര്‍ പറഞ്ഞു.
നാട്ടിലെ പ്രശ്‌നങ്ങളിലൊന്നും ശ്രദ്ധ കൊടുക്കാതെ മുത്തച്ഛന്‍ വില്ലി മോസസ് നടത്തുന്ന ബോക്‌സിംഗ് ജിമ്മില്‍ പോകുന്നത് ഷാകുര്‍ പതിവാക്കി.
ടെലിവിഷനില്‍ ഇതിഹാസ താരങ്ങളുടെ മത്സരങ്ങള്‍ കണ്ടാണ് ബാല്യകാലം കടന്നു പോയത്. അന്ന് തൊട്ടേ വലിയ ബോക്‌സറായി പേരെടുക്കാന്‍ ഷാകുറിന് ആഗ്രഹമുണ്ടായിരുന്നു. മുത്തച്ഛന് കീഴില്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴും ബേസ്‌ബോള്‍ കളിക്കുമ്പോഴും ഷാകുര്‍ സ്‌പോര്‍ട്‌സിനോടുള്ള ആവേശം പ്രകടമാക്കിയിരുന്നു. ബേസ്‌ബോള്‍ കളിക്കുമ്പോഴാണ് വിലി മോസസ് തന്റെ പേരക്കുട്ടിയുടെ അസാമാന്യ ടൈമിംഗ് ശ്രദ്ധിക്കുന്നത്. അതോടെ, അവനെ പൂര്‍ണമായും ബോക്‌സിംഗിലേക്ക് തിരിച്ചു വിടാന്‍ മോസസ് തീരുമാനിച്ചു.
എന്നില്‍ ആത്മവിശ്വാസം നിറച്ചത് മുത്തച്ഛനായിരുന്നു. പതിമൂന്നാം വയസിലാണ് ഞാന്‍ ബേസ്‌ബോള്‍ അല്ല ബോക്‌സിംഗാണ് എന്റെ ലോകം എന്ന് തിരിച്ചറിഞ്ഞത്-ഷാകുര്‍ പറഞ്ഞു.
2013 ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും 2014 ഏപ്രിലില്‍ യൂത്ത് ലോക ചാമ്പ്യന്‍ഷിപ്പും ജയിച്ച് ഷാകുര്‍ വരവറിയിച്ചു.
ബ്രിട്ടന്റെ മുഹമ്മദ് അലി എന്ന് പേരുള്ള ബോക്‌സറെ അമേരിക്കന്‍ ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിപ്പിക്കും വിധം ഷാകുര്‍ ഇടിച്ചിട്ടത് വലിയ മാധ്യമശ്രദ്ധ നേടി.
ഒളിമ്പിക് ബോക്‌സിംഗില്‍ അമേരിക്ക എന്നും ആധിപത്യം പുലര്‍ത്തിയിരുന്നു. 110 മെഡലുകള്‍ ഇതില്‍ 49ഉം സ്വര്‍ണം. മുഹമ്മദ് അലി, ജോ ഫ്രേസിയര്‍, ജോര്‍ജ് ഫോര്‍മാന്‍, സുഗാര്‍ റേ ലിയോനാര്‍ഡ്, ഓസ്‌കര്‍ ഡി ല ഹോയ എന്നിങ്ങനെ ചരിത്രത്തില്‍ ഇടം നേടിയ ബോക്‌സിംഗ്താരങ്ങളെ അമേരിക്ക കായിക മേഖലക്ക് സമ്മാനിച്ചിട്ടുണ്ട്.