ഇടിമുഴക്കം

>>മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2/ എച്ച്ഡി ചാനലുകളില്‍ ഇന്ന് രാത്രി 7.00 ന
Posted on: July 16, 2016 9:23 am | Last updated: July 16, 2016 at 9:23 am
SHARE
പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ഏറ്റുമുട്ടുന്ന ഇന്ത്യയുടെ വിജേന്ദര്‍ സിംഗും ആസ്‌ത്രേലിയന്‍ താരം കെറി ഹോപ്പും
പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ഏറ്റുമുട്ടുന്ന ഇന്ത്യയുടെ വിജേന്ദര്‍ സിംഗും ആസ്‌ത്രേലിയന്‍ താരം കെറി ഹോപ്പും

ന്യൂഡല്‍ഹി: ഇടിക്കൂട്ടിലെ ഇന്ത്യന്‍ അഭിമാനം വിജേന്ദര്‍ സിംഗ് നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി പ്രൊഫഷണല്‍ ബോക്‌സിംഗ് പോരിന് ഇറങ്ങുന്നു. വെയില്‍സ് വംശജനായ ആസ്‌ത്രേലിയക്കാരന്‍ കെറി ഹോപ്പാണ് എതിരാളി. ജയിക്കുന്നവര്‍ക്ക് ലോക ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് പട്ടം സ്വന്തമാക്കാം. ഡല്‍ഹിയിലെ ത്യാഗരാജ കോംപ്ലക്‌സില്‍ ഇന്ന് രാത്രി 7.00ന് മത്സരം.
മുപ്പത് വയസുള്ള വിജേന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പ്രൊഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറിയത്. അമേച്വര്‍ ബോക്‌സിംഗില്‍ നിന്ന് പ്രൊഫഷണലായപ്പോള്‍ പരാജയം എന്തെന്നറിയാതെ കുതിപ്പ് തുടരുകയാണ് വിജേന്ദര്‍. ആദ്യ ആറ് മത്സരവും ജയിച്ച് നില്‍ക്കുന്ന വിജേന്ദര്‍ ഏഴാം ജയം ലക്ഷ്യമിടുന്നു. എന്നാല്‍, ഇന്ത്യന്‍ താരത്തിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ല. ഇതുവരെ നേരിട്ടതിലും മികവുറ്റ താരമാണ് കെറി ഹോപ്. പത്ത് വര്‍ഷത്തോളമായി ആസ്‌ത്രേലിയക്കാരന്‍ പ്രൊഫഷണല്‍ രംഗത്ത് സജീവമായിട്ട്. മുന്‍ ഡബ്ല്യുബി സിസി യൂറോപ്യന്‍ ചാമ്പ്യനാണ് കെറി ഹോപ്പ്. ഇടിക്കൂട്ടില്‍ മികച്ച റെക്കോര്‍ഡ് സൂക്ഷിക്കുന്ന ഹോപ്പ് മൂപ്പത് മത്സരങ്ങളില്‍ 23 ലും ജയിച്ചു.
വിജേന്ദറിനേക്കാള്‍ മൂന്ന് വയസ് അധികമുള്ള കെറി പ്രൊഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിനേക്കാള്‍ മികച്ച തുടക്കം ലഭിച്ച താരമാണ്. ആദ്യ പതിനൊന്ന് മത്സരവും കെറി ജയിച്ചിരുന്നു. 2009 ല്‍ കാലെബ് ട്രോക്‌സിനെ കീഴടക്കി വേള്‍ഡ് ബോക്‌സിംഗ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായി.
2002 ലാണ് കെറി കരിയറിലെ അസാധ്യമികവിലേക്കുയര്‍ന്നത്. വാതുവെപ്പുകാരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് സെഗോര്‍സ് റോക്‌സയെ രണ്ട് തവണയും പരാജയപ്പെടുത്തി യൂറോപ്യന്‍ ബോക്‌സിംഗ് യൂണിയന്‍ മിഡില്‍വെയ്റ്റ് കിരീടം കെറി തന്റെ പേരിലാക്കി. കഴിഞ്ഞ വര്‍ഷം വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സിലിന്റെ ഏഷ്യന്‍ ബോക്‌സിംഗ് കൗണ്‍സില്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ കെറി ഫോം നിലനിര്‍ത്തുന്നു.
ലോക മിഡില്‍വെയ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് കെറി ഹോപ്. അതേ സമയം, അമേച്വര്‍ ബോക്‌സറായിരുന്നപ്പോള്‍ വിജേന്ദര്‍ സിംഗ് 2009 ല്‍ രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ മിഡില്‍വെയ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു.
എതിരാളിയുടെ പരിചയ സമ്പത്തൊന്നും വിജേന്ദര്‍ കണക്കിലെടുക്കുന്നില്ല. കാത്തിരിക്കാന്‍ സമയമില്ല, നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യ പ്രൊഫഷണല്‍ മത്സരത്തിന് ഞാന്‍ തയ്യാറായിക്കഴിഞ്ഞു – വിജേന്ദര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഠിനമായ പരിശീലനം നടത്തിയിട്ടുണ്ട്, എനിക്ക് മുന്നില്‍ അയാളൊന്നുമല്ലെന്ന് കാണിച്ചു തരാം- വിജേന്ദര്‍ മത്സരത്തിന് മുന്നോടിയായി വെല്ലുവിളിച്ചു.
നമുക്ക് നാളെ കാണാം എന്നായിരുന്നു കെറിയുടെ മറുപടി.
75.7 കിലോഗ്രാമാണ് വിജേന്ദറിന്റെ ഭാരം. കെറിയുടേത് 74.9 കിലോഗ്രാം.
സൂപ്പര്‍ പോരാട്ടത്തിന് മുന്നോടിയായി ഏഴ് പ്രദര്‍ശന മത്സരങ്ങളും ഇവിടെ നടക്കും. മേരി കോമിന്റെ അക്കാദമയിലുള്ള താരങ്ങള്‍ പങ്കെടുക്കും. തായ്‌ലന്‍ഡില്‍ നിന്നുള്ള ബോക്‌സര്‍മാരും പ്രദര്‍ശനപ്പോരില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നടക്കുന്ന വിജേന്ദറിന്റെ ആദ്യ പ്രൊഫഷണല്‍ ബോക്‌സിംഗിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, കലാ, കായിക രംഗങ്ങളിലെ പ്രമുഖരുണ്ടാകും. ക്രിക്കറ്റ് ലോകത്ത് നിന്ന് കപില്‍ദേവ്, യുവരാജ് സിംഗ്, വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം സീറ്റുറപ്പിച്ചു കഴിഞ്ഞു. മേരി കോം, ഗുസ്തി താരം സുശീല്‍ കുമാര്‍ എന്നിവരും ത്യാഗരാജ സ്റ്റേഡിയത്തിലുണ്ടാകും.
ബോളിവുഡ് ലോകത്ത് നിന്ന് ഇര്‍ഫാന്‍ ഖാന്‍, രണ്‍ദീപ് ഹൂഡ, നേഹ ദൂപിയ, ജിമ്മി ഷേര്‍ഗില്‍ എന്നിങ്ങനെ താരനിര നീളുന്നു.
ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ബി ജെ പി പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, കൈലാഷ് വിജയവര്‍ഗിയ, രാജീവ് ശുക്ല, ബാബ രാംദേവ്, അനിരുദ്ധ് ചൗദരി എന്നിവരുണ്ടാകും.