സജന്‍ പ്രകാശിന് 10 ലക്ഷം

Posted on: July 16, 2016 9:20 am | Last updated: July 16, 2016 at 9:20 am
SHARE

sajan prakashതിരുവനന്തപുരം: ഒളിമ്പികസിന് മുന്നോടിയായുള്ള പരിശീലനത്തിനും വിദേശയാത്രകള്‍ക്കുമായി 10 ലക്ഷം രൂപയുടെ ചെക്ക് സജന്‍ പ്രകാശിന് കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറി.
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രിയാണെന്നും കായികമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തല്‍ താരം സജന്‍ പ്രകാശിന് കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കായികമന്ത്രി. സജന്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ ജോലിക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. കഴിവുള്ളവര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കായികരംഗത്തെ ആരുടേയും പോക്കറ്റിലൊതുക്കാന്‍ അനുവദിക്കില്ല. ഇതെല്ലാം കണ്ടുകൊണ്ടായിരിക്കും പുതിയ കായികനയം രൂപീകരിക്കുക. അടുത്ത നിയമസഭാ സമ്മേളനത്തില്‍ കായികനയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കായികവികസനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ 500 കോടി അനുവദിച്ചത്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനായി മള്‍ട്ടി സിന്തറ്റിക്ക് നീന്തല്‍കുളങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. ആലപ്പുഴയില്‍ തുഴച്ചിലിനായി ആധുനിക സജീകരണങ്ങളോടുകൂടി അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും മന്ത്രി പറഞ്ഞു. സജന്‍,പരിശീലകന്‍ പ്രദീപ്കുമാര്‍, റിയോ ഒളിമ്പിക് നീന്തല്‍ മത്സരങ്ങളുടെ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വിമിംങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് രാജീവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.