മാതാവിനെ കൊന്ന മകന് ജീവപര്യന്തം

Posted on: July 16, 2016 12:20 am | Last updated: July 16, 2016 at 12:20 am
SHARE

jailആലപ്പുഴ: മാതാവിനെ കൊന്ന മകനെ ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ജോണിനെ(42)യാണ് ജില്ലാ ജഡ്ജി കെ ഹരിപാല്‍ ശിക്ഷിച്ചത്. അയ്യായിരം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ജോണിന്റെ മാതാവ് എലിസബത്തിനെ(62)യാണ് കത്തി കൊണ്ട് കുത്തി കൊന്നത്. 2013 മെയ് 28ന് വൈകീട്ട് 3.45നായിരുന്നു സംഭവം. ജോണ്‍ മദ്യപാനിയും മയക്ക്മരുന്ന് ഉപയോഗിക്കുന്നയാളുമാണ്. പണം ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് പിതാവ് വില്‍സണ്‍ നോക്കി നില്‍ക്കേയാണ് ജോണ്‍ മാതാവിനെ കുത്തിയത്. നെഞ്ചിന് മാരകമായി മുറിവേറ്റ എലിസബത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ മരിച്ചു. സംഭവം ദിവസം അറസ്റ്റിലായ ജോണിനെ ആരും ജാമ്യത്തിലെടുത്തിരുന്നില്ല. റിമാന്‍ഡില്‍ കഴിഞ്ഞാണ് വിചാരണ നേരിട്ടത്. ഡി വൈ എസ് പി. കെ സുഭാഷ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 16 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും എട്ട് തൊണ്ടി വസ്തുക്കളും തെളിവാക്കി.
പോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പോസിക്യൂട്ടര്‍ ഷാജഹാന്‍ റാവുത്തര്‍ ഹാജരായി.