സ്വര്‍ണ നിക്ഷേപ പദ്ധതി: പണം തിരികെ ആവശ്യപ്പെട്ട് ജ്വല്ലറിക്ക് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം

Posted on: July 16, 2016 5:18 am | Last updated: July 16, 2016 at 12:18 am
SHARE

തിരൂര്‍: സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ അടച്ച തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജുവല്ലറിക്ക് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരൂര്‍ പാന്‍ ബസാറിലെ തുഞ്ചത്ത് ജ്വല്ലേഴ്‌സിന് മുന്നിലാണ് ഇന്നലെ രാവിലെ മുതല്‍ നൂറു കണക്കിനു നിക്ഷേപകര്‍ തടിച്ചു കൂടിയത്. എന്നാല്‍ ജ്വല്ലറി അധികൃതര്‍ മുങ്ങിയതോടെ നിക്ഷേപകര്‍ മണിക്കൂറുകള്‍ കടക്കു മുന്നില്‍ പ്രതിഷേധിക്കുകയും തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
നിക്ഷേപ പദ്ധതിയിലൂടെ കോടികള്‍ നിരവധി പേരില്‍ നിന്നും ജ്വല്ലറി അധികൃതര്‍ പിരിച്ചതായാണ് പ്രാഥമിക വിവരം. പ്രവാസികളുടെ ഭാര്യമാര്‍ അടക്കമുള്ള വീട്ടമ്മമാരാണ് പദ്ധതിയില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന സ്‌കീമിന് അനുസൃതമായ തുക മാസ തവണകളായി അടയ്ക്കുകയാണ് പദ്ധതിയിലൂടെ. ഒരു പവന്‍ ലഭിക്കണമെങ്കില്‍ ഏകദേശം 18,000 രൂപ അടച്ചാല്‍ മതിയാകുമെന്നാണ് കരാര്‍. അടവ് പൂര്‍ത്തിയായാല്‍ പണിക്കൂലിയില്ലാതെ മാര്‍ക്കറ്റ് നിരക്കില്‍ സ്വര്‍ണം ലഭിക്കുമെന്നുമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തുക നിക്ഷേപിച്ചതെന്ന് വഞ്ചിക്കപ്പെട്ടവര്‍ പറഞ്ഞു.
നിക്ഷേപ തുക വീണ്ടും ഇന്‍വെസ്റ്റ് ചെയ്യുകയാണെങ്കില്‍ അതിന്റെ ബോണസ് ലഭിക്കുമെന്നുമാണ് കരാര്‍. ഏജന്റുമാര്‍ മുഖേനയാണ് പണം അടച്ചിരുന്നതെന്ന് പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍ അടക്കേണ്ട തവണകള്‍ പൂര്‍ത്തിയാക്കിയ നിക്ഷേപകര്‍ സ്വര്‍ണാഭരണം ആവശ്യപ്പെട്ട് ജ്വല്ലറിയെ സമീപിച്ചെങ്കിലും സ്വര്‍ണം ലഭിച്ചില്ല. പലര്‍ക്കും പല തീയതികള്‍ നല്‍കി വരാന്‍ പറയുകയായിരുന്നു. അഞ്ചും ആറും തവണ ജ്വല്ലറിയെ സമീപിച്ചെങ്കിലും അടച്ച തുക തിരികെ ലഭിക്കുകയോ നിക്ഷേപകര്‍ക്ക് ലഭിക്കേണ്ട സ്വര്‍ണാഭരണങ്ങള്‍ നല്‍കാനോ ജ്വല്ലറി ഉടമകള്‍ തയ്യാറായിരുന്നില്ല. ജൂലൈ 15ന് നിക്ഷേപരുടെ ഇടപാട് തീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ നൂറു കണക്കിന് പേര്‍ എത്തിയതോടെയാണ് ജ്വല്ലറി ഉടമകള്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് വൈകീട്ട് വരെ നിക്ഷേപകര്‍ ജ്വല്ലറിക്ക് മുന്നില്‍ തമ്പടിച്ചു. ജ്വല്ലറി ഉടമകളുടെ ഇടനിലക്കാരനെന്ന് സംശയിക്കുന്ന യുവാവ് ഒപ്പ് ശേഖരണം നടത്തിയ പേപ്പര്‍ കീറി നശിപ്പിച്ചത് കൈയേറ്റ ശ്രമത്തിനും വാക്കേറ്റേത്തിനും ഇടയാക്കി. പിന്നീട് പോലീസ് എത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. നിക്ഷേപ തട്ടിപ്പിനിരയായവര്‍ ഒപ്പു ശേഖരണം നടത്തി നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ പോലീസില്‍ പരാതി നല്‍കി. ജ്വല്ലറി ഉടമകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് തിരൂര്‍ എസ് ഐ. രജ്ഞിത്ത് പറഞ്ഞു.