താലൂക്കാശുപത്രിയില്‍ വൈകിയെത്തുന്ന ഡോക്ടര്‍മാര്‍ക്കും മുങ്ങുന്നവര്‍ക്കുമായി ഒ പിയില്‍ പിന്‍വാതില്‍

Posted on: July 16, 2016 12:17 am | Last updated: July 16, 2016 at 12:17 am
SHARE
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വരുന്നതിനും പുറത്തിറങ്ങാനുമുള്ള രഹസ്യ വാതില്‍
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വരുന്നതിനും പുറത്തിറങ്ങാനുമുള്ള രഹസ്യ വാതില്‍

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ വൈകി എത്തുന്ന ഡോക്ടര്‍മാര്‍ക്ക് വരാനും നേരത്തെ പോകുന്നവര്‍ക്ക് മുങ്ങാനുമായി പിന്‍ഭാഗത്തൊരു വാതില്‍. ദിവസവും രണ്ടായിരത്തോളം രോഗികള്‍ ഒ പിയില്‍ പരിശോധനക്കെത്തുന്ന തിരൂരങ്ങാടി താലൂക്കാശുപത്രിയിലാണ് ഒ പി ബ്ലോക്കിന് പിന്‍വശത്ത് പ്രത്യേക വാതില്‍ നിര്‍മിച്ചിട്ടുള്ളത്.
ഒ പിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്തുന്നതും വരുന്നതും ആരും കാണാറില്ല. ഒ പിയില്‍ പരിശോധനക്ക് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഇവിടെ രോഗികള്‍ ഏറെ നേരം വരി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഡോക്ടര്‍മാരില്ലാത്തതിന്റെ പേരില്‍ പലപ്പോഴും ആശുപത്രിയില്‍ സംഘര്‍ഷവും ഉണ്ടാകാറുണ്ട്.പോലീസ് എത്തിയാണ് പലപ്പോഴും സംഘര്‍ഷം ഒഴിവാക്കാറുള്ളത്. കഴിഞ്ഞ ദിവസം രണ്ടായിരത്തോളം രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ 10ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഉള്ളതായി എഴുതിവെച്ചിട്ടുണ്ടായിരുന്നു.നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ കൂടി എത്തി പരിശോധിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ ഹാജര്‍ നിലയെ കുറിച്ചോ പരിശോധനക്ക് എത്താത്തതിനെ കുറിച്ചോ പരാതി പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ആശുപത്രി സൂപ്രണ്ട് കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനിയാണ്. ഇവര്‍ പലപ്പോഴും ലീവിലായിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് എന്ന തസ്തിക ഇവിടെ ഇല്ലതാനും. ആശുപത്രി തിരൂരങ്ങാടി നഗരസഭക്ക് കീഴിലാണ്. ആശുപത്രിയുടെ ചമതലക്കായി എച്ച് എംസിയുണ്ടെങ്കിലും അവര്‍ മുറ തെറ്റാതെ യോഗം ചേര്‍ന്ന് ചായ കുടിച്ചു പിരിയുകയല്ലാതെ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഭൗതിക സൗകര്യങ്ങള്‍ ആവശ്യത്തിന് ഉണ്ടെങ്കിലും ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രിയിലെ ജീവനക്കാരുടെ കൃത്യവിലോപമാണ് ഇപ്പോള്‍ ഇവിടെ കാര്യമായ പ്രശ്‌നം. ഒ പി ബ്ലോക്കിലെ പിന്‍വാതില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എച്ച് എം സിയുടെ പ്രത്യേക സംഘം ദിവസവും ഒ പി സമയങ്ങളില്‍ ആശുപത്രിയില്‍ നിരീക്ഷണം നടത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.