ശാന്തി യാത്രക്ക് അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധം: സുധീരന്‍

Posted on: July 16, 2016 5:14 am | Last updated: July 16, 2016 at 12:14 am
SHARE

തിരുവനന്തപുരം: പയ്യന്നൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ശനിയാഴ്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ശാന്തിയാത്രക്കും, സമാധാനസദസിനും പോലീസ് അനുമതി നിഷേധിച്ച് വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സി പി എം നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലീസിന്റെ ഈ നടപടിയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് കെ കാമരാജിന്റെയും മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധീരന്‍.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്സ് നടത്താനിരുന്ന ശാന്തിയാത്രക്കും, സമാധാന സദസ്സിനും അനുമതി നിഷേധിച്ച പോലീസിന്റെ നടപടി ദുരൂഹമാണെന്നും സുധീരന്‍ പറഞ്ഞു കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണ് സി പി എമ്മും, ബി ജെ പിയും. ഇരുകൂട്ടരും കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാളുടേയും ചോരവീഴാന്‍ പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആശയ സംഘട്ടനങ്ങളാണ് ഉണ്ടാകേണ്ടത്. അല്ലാതെ ആയുധമെടുത്തുള്ള സംഘട്ടനങ്ങളല്ല. ആയുധം താഴെവെക്കാന്‍ സി പി എം, ബി ജെ പി നേതൃത്വം അണികളോട് നിര്‍ദേശിക്കണം. മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും പോലീസ് തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.