അണ്‍ എയ്ഡഡ് മേഖലയിലെ ചൂഷണം തടയും: മന്ത്രി

Posted on: July 16, 2016 6:00 am | Last updated: July 16, 2016 at 12:14 am
SHARE

C RAVEENDRANATHതിരുവനന്തപുരം: അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും അവര്‍ക്കെതിരായ ചൂഷണം തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഈ മേഖലയിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി തൊഴില്‍ വകുപ്പ് തയാറാക്കിയ കരട് ബില്ലില്‍ വിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം നല്‍കുന്നത് പരിശോധിച്ചുവരികയാണെന്നും എ എന്‍ ഷംസീറിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
2007ല്‍ സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ ശിപാര്‍ശ അനുസരിച്ച് നിലവിലെ വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകന് 7000 രൂപയും എച്ച്.എസ് എക്ക് 6000 രൂപയും പ്രൈമറി ടീച്ചര്‍ക്ക് 5000 രൂപയും ക്ലര്‍ക്കിന് 4000 രൂപയും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 3500 രൂപയും മിനിമം വേതനം ഉറപ്പുനല്‍കുന്നു.
എന്നാല്‍ സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളഘടന സി ബി എസ് ഇ തന്നെ നിര്‍ണയിച്ചു നല്‍കണമെന്നും അതുവരെ പ്രൈമറി, മിഡില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് 10,000 രൂപയും സെക്കന്ററി സ്‌കൂള്‍ അധ്യാപകന് 15,000 രൂപയും സീനിയര്‍ സെക്കന്ററി അധ്യാപകന് 20,000 രൂപയും പ്രധാനാധ്യാപകര്‍ക്ക് 20,000 രൂപക്കൊപ്പം അധിക അലവന്‍സും അടക്കം പ്രതിമാസ ശമ്പളം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ക്ലറിക്കല്‍ സ്റ്റാഫിന് 6000 രൂപയും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 4500 രൂപയും പ്രതിമാസം ശമ്പളം നല്‍കണമെന്നും 2012 സെപ്തംബര്‍ 14ലെ വിധിന്യായത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.