ഇന്ത്യ-പാക് ബന്ധം വഷളാകുന്നു

Posted on: July 16, 2016 12:03 am | Last updated: July 16, 2016 at 12:03 am
SHARE

modi-navas sherifന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹീദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് കാശ്മീരില്‍ ഉടലെടുത്ത പ്രശ്‌നത്തില്‍ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി പാക്കിസ്ഥാന്‍. കാശ്മീരിലെ പ്രതിഷേധങ്ങളെ ഇന്ത്യ അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് രാജ്യത്ത് കരിദിനം ആചരിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു. കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലാഹോറില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
കാശ്മീരിലെ ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് സ്വാതന്ത്ര്യ പോരാട്ടമാണ്. കാശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പാകിസ്ഥാന്‍ നല്‍കിവരുന്ന പിന്തുണ തുടരും. ബുര്‍ഹാന്‍ വാനി സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ രക്തസാക്ഷിയാണെന്നും ശരീഫ് പറഞ്ഞു. ഇന്ത്യയുടെ ഇടപെടലുകള്‍ കാശ്മീരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഊര്‍ജം പകരുമെന്നും കാശ്മീരിന് അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുമെന്നും ശരീഫ് പറഞ്ഞു. അതിന് വേണ്ടി പാകിസ്ഥാന്‍ ഒന്നടങ്കം കാശ്മീരിന് പിന്തുണ നല്‍കുകയാണെന്നും ഷെരീഫ് വ്യക്തമാക്കി. അതേസമയം, പാക്കിസ്ഥാന്റെ പ്രസ്താവനകള്‍ ഇന്ത്യ തള്ളി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ നിരന്തരമായി ഇടപെടുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഭീകരവാദത്തെ എതിര്‍ക്കുന്നുവെന്ന പാക് നിലപാട് കപടമാണെന്ന് തെളിയിക്കുന്നതാണ് കാശ്മീര്‍ വിഷയത്തിലെ ഇടപടെലെന്നും പ്രസ്താവനയില്‍ പറയുന്നു.
മനുഷ്യാവകാശ പ്രശ്‌നവുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ചയില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന്‍ പാക്കിസ്ഥാനെ നിഷിധമായ വിമര്‍ശിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും തീവ്രവാദത്തെ ദേശീയ നയമായി ഉപയോഗിക്കുന്നവരാണന്നും അദ്ദേഹം പറഞ്ഞിരുന്നു. .