Connect with us

National

വിമതര്‍ തുണച്ചു; അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി നബാം തൂക്കി രാജിവെച്ചു. വിശ്വാസ വോട്ട് തേടുന്നതിന് തൊട്ടുമുമ്പാണ് രാജി. ഇതോടെ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് നടന്നില്ല. തുക്കിക്ക് പകരം കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി പെമ ഖണ്ഡുവിനെ തിരഞ്ഞെടുത്തു. ഇതിന് തൊട്ടുപിന്നാലെയാണ് തൂകിയുടെ രാജി. കോണ്‍ഗ്രസ് നേതാവ് പെമ ഖണ്ഡു പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് പെമ ഖണ്ഡു.
നബാം തൂക്കിയോട് വിശ്വാസ വോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ കുറവാണെന്നതാണ് രാജിയിലേക്ക് നയിച്ചത്. നബാം തൂക്കി തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമുന്നുറപ്പായ സാഹചര്യത്തിലാണ് രാജി.
44 എം എല്‍ എമാര്‍ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണറെ സന്ദര്‍ശിച്ചതോടെയാണ് കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ അവസരമൊരുങ്ങിയത്. ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
നിലവില്‍ നിയമസഭയില്‍ 58 പേരാണുള്ളത്. ബി ജെ പിക്ക് പതിനൊന്ന് അംഗങ്ങളും രണ്ട് സ്വതന്ത്രരും സഭയിലുണ്ട്. തൂക്കിയെ മാറ്റി പെമയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായതോടെ വിമതര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇതോടെ സ്പീക്കര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അംഗബലം 45 ആയി.
കഴിഞ്ഞ ബുധനാഴ്ചയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാറിനെ പുനരവരോധിച്ചത്. അന്നുതന്നെ ഡല്‍ഹിയിലെ അരുണാചല്‍ ഹൗസില്‍ വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Latest