ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനം ഹൈക്കോടതി തടഞ്ഞു

Posted on: July 16, 2016 5:43 am | Last updated: July 15, 2016 at 11:44 pm
SHARE

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതിയിലേക്ക് ഇന്ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞു. വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്താനും ഫലം പ്രഖ്യാപിക്കാനുമുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 868 ആജീവനാന്ത അംഗത്വത്തെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കെ ഇവരെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തി ഇന്ന് ഫലപ്രഖ്യാപനം നടത്തണമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച, ആക്ടിംഗ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. തര്‍ക്കമുള്ളതും അല്ലാത്തതുമായ അംഗങ്ങളുടെ വോട്ട് വെവ്വേറെ പെട്ടികളിലാക്കി സീല്‍ ചെയ്ത് ജില്ലാ ജഡ്ജിയുടെ കസ്റ്റഡിയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സൂക്ഷിക്കണം. വ്യാജ മെമ്പര്‍ഷിപ്പിനെക്കുറിച്ചും മറ്റു ക്രമക്കേടുകളെക്കുറിച്ചും സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി നല്‍കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി പിന്നീട് പരിഗണിക്കും.
ശിശുക്ഷേമ സമിതിയുടെ നിയമാവലിക്ക് വിരുദ്ധമായി 868 അംഗങ്ങളെ ഒറ്റയടിക്ക് ചേര്‍ത്തത്, 37 പേരെ പിന്‍വാതില്‍ വഴി നിയമിച്ച് സ്ഥിരപ്പെടുത്തിയത്, ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണനാക്രമം മറികടന്ന് ദത്ത് നല്‍കിയത്, ശിശുദിന സ്റ്റാമ്പ് അച്ചടി, വിതരണം, പണപ്പിരിവ് ഇവയില്‍ നട ക്രമക്കേടുകളും നിയമലംഘനങ്ങളും അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.